കൊല്ലം : തേവലക്കരയിൽ സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് ദാരുണമായി മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. തേവലക്കര ബോയ്സ് ഹൈസ്കൂൾ മുറ്റത്ത് പൊതുദർശനം തുടരുന്നു. വിലാപ യാത്രയാണ് മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്. സുഹൃത്തുക്കളും അധ്യാപകരും സഹപാഠികളും നാടുകാരും അടക്കം നൂറു കണക്കിന് ആളുകൾ കണ്ണീരോടെ മിഥുന് അന്ത്യാഞ്ജലി അർപ്പിച്ചു. തൂർക്കിയിൽ നിന്ന് മടങ്ങിയെത്തിയ അമ്മ സുജ കേരത്തിൽ എത്തിയതിനു പിന്നാലെയാണ് പൊതുദർശനം ആരംഭിച്ചത്.
മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് സ്കൂൾ അങ്കണത്തിലെത്തിയപ്പോൾ വിങ്ങിപ്പൊട്ടുന്ന കാഴ്ചകളാണ് ദൃശ്യമായത്. പ്രിയ കൂട്ടുകാരനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി വിദ്യാർത്ഥികളും അധ്യാപകരും പ്രദേശവാസികളും സ്കൂൾ മുറ്റത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ട്.
പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം 5 മണിയോടെ വീട്ടുവളപ്പിലായിരിക്കും സംസ്കാരച്ചടങ്ങുകൾ നടക്കുക. ഈ ദാരുണ സംഭവത്തിൽ സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.