ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ജനേറയിലെത്തി. അർജന്‍റീനയിൽ നിന്നാണ് മോദി ബ്രസീലിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രസിലിൽ ഇന്ത്യൻ സമൂഹം ഉജ്ജ്വലമായ സാംസ്‌കാരിക പരിപാടികളോടെ വരവേറ്റു. ചടങ്ങിന്റെ ശ്രദ്ധേയമായ ഭാഗമായത് “ഓപ്പറേഷൻ സിന്ദൂർ” നെ ആധാരമാക്കിയ നൃത്താവിഷ്‌ക്കാരമായിരുന്നു, ഇന്ത്യൻ സൈനികരുടെ ത്യാഗത്തെയും ദേശസ്നേഹത്തെയും നൃത്തം അനുസ്മരിപ്പിച്ചു.
റിയോ ഡി ജനീറോയിൽ ഇന്ത്യൻ പരമ്പരാഗത നൃത്തവും ജനകീയ സംഗീതവും നിറഞ്ഞു നിന്നു, പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഇന്ത്യൻ പ്രവാസികൾ ആഘോഷിച്ചു. നൃത്താവിഷ്‌ക്കാരം പ്രധാനമന്ത്രിയുടെ പ്രശംസയും കൈയ്യടിയും നേടി.
ഓപ്പറേഷൻ സിന്ദൂർ മേയ് 7-ന് ആരംഭിച്ച ഒരു വലിയ സൈനിക നടപടിയായിരുന്നു. പാകിസ്ഥാനും പി.ഒ.കെ-യിലുമുള്ള ഒമ്പത് ഭീകരസ്ഥാപനങ്ങൾക്കുനേരെ കൃത്യതയുള്ള മിസൈൽ ആക്രമണങ്ങൾ നടത്തുകയായിരുന്നു. 26 പൗരന്മാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പകരമായി ജൈഷ്-ഇ-മോഹമ്മദിന്റെ ബഹവൽപൂർ, ലഷ്‌കറിന്റെ മുരിദ്‌കെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്.
ബ്രസീലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, ബഹിരാകാശം, ഊർജം, വ്യാപാരം, സാങ്കേതികവിദ്യ, കൃഷി, സമൂഹ ഇടപെടൽ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിൽ ഇന്ത്യ-ബ്രസീൽ തന്ത്രപരമായ സഹകരണം ആഴപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
അർജന്റീന സന്ദർശനം സമാപിച്ച ശേഷമാണ് മോദി ബ്രസീലിൽ എത്തിയത്. അർജന്റീനയിൽ അദ്ദേഹം പ്രസിഡന്റ് ജാവിയർ മിലെയി ആയി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈ 2 മുതൽ 9 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ അഞ്ചു രാജ്യ സന്ദർശന യാത്രയുടെ ഭാഗമായി അദ്ദേഹം അഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജന്റീന, ബ്രസീൽ, നാമിബിയ എന്നീ രാജ്യങ്ങളും സന്ദർശന പട്ടികയിലുണ്ട്. ജൂലൈ 9-ന് അദ്ദേഹം നാമിബിയ പാർലമെന്റിൽ പ്രസംഗിക്കും.