ജീമോൻ റാന്നി
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2025–26 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2025 ജൂലൈ 27-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് എൽമോണ്ടിലുള്ള വിൻസെന്റ് ഡി പോൾ മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ വെച്ച് വർണ്ണാഭമായി നടന്നു.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സഭകളുടെ മേൽഘടകങ്ങളിൽ മാത്രമല്ല, നമ്മുടെ ആരാധന സമൂഹങ്ങളിലും എക്യൂമെനിക്കൽ കൂട്ടായ്മ ആധുനികകാലഘട്ടത്തിന്റെ ആവശ്യമാണ്. മലങ്കര സഭയുടെ അപ്പോസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ‘എൻ്റെ കർത്താവും എൻ്റെ ദൈവവുമേ ‘ എന്ന വിശ്വാസപ്രഖ്യാപനം പോലെ, അതേ ആത്മാർത്ഥതയോടെ ക്രൈസ്തവ ഐക്യത്തിനുവേണ്ടി നാം നിലകൊള്ളേണമെന്നു മാർ പൗലോസ് തൻറെ ഉദ്‌ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്‌തു.

മലങ്കര കത്തോലിക്കാ സഭയുടെ യുഎസ്-കാനഡ ഭദ്രാസനാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ് മുഖ്യപ്രഭാഷണം നടത്തി. “ക്രൈസ്തവ സഭകളുടെ ഐക്യം ഇന്നത്തെ സാമൂഹിക-ആധ്യാത്മിക സാഹചര്യത്തിൽ വളരെ ആവശ്യമായ ഒന്നാണ്. വിശ്വാസസ്വാതന്ത്ര്യത്തിന് എതിരായ നടപടികളായി ഇന്ത്യയിലെ ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് നേരെ നടന്ന നടപടി അപലനീയമാണ്,” എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എപ്പിസ്‌കോപ്പൽ സഭയുടെ ബിഷപ്പായ ഡോ. ജോൺസി ഇട്ടി അനുഗ്രഹപ്രഭാഷണം നടത്തി. “ഒന്നിച്ചുകൂടാനും, ഒന്നിച്ചു ഭക്ഷിപ്പാനും, ഒന്നിച്ച് പാടാനും, ഒന്നിച്ച് ചിരിക്കാനും, ആവശ്യം വരുമ്പോൾ ഒരുമിച്ച് കരയാനും കഴിയേണ്ടതാണ് ഈ ക്രൈസ്തവ കൂട്ടായ്മയുടെ സാര്‍ത്ഥകത എന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറേഷൻ പ്രസിഡന്റായ റവ. സാം എൻ. ജോഷ്വാ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈദീക വൈസ് പ്രസിഡന്റ് റവ. ഫാ. ജോൺ തോമസ് പ്രാരംഭ പ്രാർത്ഥനയും, റവ. എബ്രഹാം വർഗീസ് സമാപന പ്രാർത്ഥനയും നടത്തി. ആത്മായ വൈസ് പ്രസിഡന്റ് അനിൽ തോമസ് സ്വാഗതവും, ട്രഷറർ ജോർജ് തോമസ് നന്ദിപ്രസംഗവും അറിയിച്ചു.
ഫെഡറേഷന്റെ മുൻ സെക്രട്ടറി സിബു ജേക്കബിന്റെ ആകസ്‌മിക നിര്യാണത്തിൽ യോഗം ദുഃഖം രേഖപ്പെടുത്തി. സെക്രട്ടറി ജോബി ജോർജ് അനുശോചനപ്രസംഗം നടത്തി. സിബു ജേക്കബിന്റെ സ്മരണയ്ക്ക് ഒരു നിമിഷം മൗനം പാലിച്ചതിനുശേഷം, ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് വേണ്ടി റവ. ബിജു പി. സൈമൺ പ്രത്യേക പ്രാർത്ഥന നടത്തി.

എക്യൂമെനിക്കൽ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ ഒരുക്കിയ കലാപരിപാടികളും പരിപാടി വർണ്ണശബളമാക്കി. ചടങ്ങിൽ മറ്റ് വൈദികരായ റവ. ഡോ. പ്രമോദ് സഖറിയ, ഫാ. നോബി അയ്യനത്ത്, റവ. ജോസി ജോസഫ്, ഫാ. ജെറി വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

ഈ സമ്മേളനം സഭാതര ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉത്തമ മാതൃകയായി മാറി. വിവിധ സഭകളുടെ സജീവ പങ്കാളിത്തം ഈ ചടങ്ങിനെ ക്രൈസ്തവ ഐക്യത്തിന്റെ ദീപ്തമായ പ്രതീകമായി.
വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്
The inauguration of the activities of the St. Thomas Ecumenical Federation of North America and the celebration of St. Thomas Day were held ceremoniously.