ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ചിട്ടി കമ്പനിയിൽ മലയാളികളടക്കം നിരവധി നിക്ഷേപകരുടെ നൂറുകോടിയോളം രൂപ തട്ടിയെടുത്ത് മലയാളി ദമ്പതികൾ മുങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച വരെ 370 പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം ആയിരത്തോളം പേർക്ക് കൂടി നിക്ഷേപം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. പുറത്തുവന്ന കണക്കുകൾ പ്രകാരം, 100 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് സൂചന.
ബംഗളൂരു രാമമൂർത്തി നഗറിൽ ‘എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ്’ എന്ന സ്ഥാപനം നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി (ടോമി എ വർഗീസ്), ഭാര്യ ഷൈനി ടോമി എന്നിവരുടെ പേരിലാണ് പരാതി. രാമമൂർത്തി നഗർ പോലീസ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2005 മുതൽ പ്രവർത്തിച്ചുവന്ന ചിട്ടി കമ്പനിയാണ് ഇപ്പോൾ പൊളിഞ്ഞത്.
കേസിൽ ഉൾപ്പെട്ടവരിൽ അധികവും പ്രവാസി മലയാളികളായതിനാൽ കേസ് വേഗത്തിലാക്കാൻ രാഷ്ട്രീയ സമ്മർദവുമുണ്ട്. വൈകാതെ കേസ് സി.ഐ.ഡിക്ക് കൈമാറാനാണ് നീക്കം. നിക്ഷേപകരുടെ പരാതിയിൽ രാമമൂർത്തി നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ദമ്പതികൾ ബംഗളൂരുവിൽ നിന്ന് കടന്നതെന്നാണ് വിവരം. ബംഗളൂരുവിലെ വീടും വാഹനങ്ങളും വിറ്റ ഇവർ ബുധനാഴ്ചയോടെ നഗരം വിട്ടതായി പോലീസ് അറിയിച്ചു. കമ്പനി ജീവനക്കാരെപ്പോലും വിവരമറിയിക്കാതെയാണ് ഇരുവരും കടന്നത്. ടോമിയുടെയും ഷൈനിയുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലെ (എ.സി. റോഡ്) രാമങ്കരിയിലാണ് എ.വി. ടോമിയുടെ കുടുംബവീട്. ഈ വീട് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ ചെത്തിപ്പുഴയിൽ താമസിക്കുന്നുണ്ട്. ടോമി വർഷങ്ങൾക്ക് മുൻപേ ബംഗളൂരുവിലേക്ക് കുടിയേറിയെന്ന് നാട്ടുകാർ പറയുന്നു. വല്ലപ്പോഴും മാത്രമാണ് ടോമി നാട്ടിൽ എത്തിയിരുന്നത്. ആരുമായും പ്രത്യേക അടുപ്പമൊന്നും സൂക്ഷിച്ചിരുന്നില്ല.
ബംഗളൂരുവിൽ ജോലിക്ക് പോയ ശേഷം ടോമിയുടെ വിവരമൊന്നും നാട്ടുകാർക്ക് ലഭിച്ചിരുന്നില്ല. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കുടുംബമായിരുന്നു ടോമിയുടേത്. എന്നാൽ, ബംഗളൂരുവിലേക്ക് പോയതോടെ ടോമിയുടെ ജീവിതം മെച്ചപ്പെട്ടു. ആഡംബര കാറിൽ വന്നിരുന്ന ടോമിക്ക് പിന്നീട് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കാണ് ടോമി നാട്ടിൽ വന്നിരുന്നത്. ഈ ചടങ്ങുകളെല്ലാം ആഡംബരമായാണ് നടത്തിയിരുന്നത്. ടോമിയുടെ സഹോദരൻ പിന്നീട് ചങ്ങനാശ്ശേരിയിൽ ബിസിനസ് ആരംഭിച്ചു. ടോമിക്കും ബംഗളൂരുവിൽ ബിസിനസ് ആണെന്നാണ് നാട്ടുകാർ വിചാരിച്ചിരുന്നതെന്നും അവർ പറഞ്ഞു.
100 crore chit fund scam: Case registered against Malayali couple, investigation intensifies