ബിഹാറിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായ ശക്തമായ ഇടിമിന്നലിഷ 38 പേർ മരിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്ത് മഴ കനത്തതോടെയാണ് ഇടിമിന്നലും ശക്തമായത്. ഇടിമിന്നലേറ്റ് നിരവധി പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ₹40 ലക്ഷം ($4,600) നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയിലുള്ള ശക്തമായ കൊടുങ്കാറ്റിലാണ് ബീഹാറിൽ മരണങ്ങൾ സംഭവിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. മരിച്ചവരിൽ ഭൂരിഭാഗവും തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന കർഷകരും തൊഴിലാളികളുമാണ്.
അതേസമയം വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.”ഇടിമിന്നലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് അവബോധം സൃഷ്ടിക്കാൻ” ജില്ലകളിലെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ബീഹാർ സംസ്ഥാന ദുരന്ത നിവാരണ മന്ത്രി വിജയ് കുമാർ മണ്ഡൽ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
സമാനമായി 2024ൽ ഇടിമിന്നലേറ്റ് കുറഞ്ഞത് 243 പേരും അതിനുമുമ്പ് വർഷം 275 പേരും ഇടിമിന്നലിൽ മരിച്ചതായാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നത്.