പി പി ചെറിയാന്‍
പാര്‍ക്കര്‍ കൗണ്ടി, (ടെക്‌സസ്): ഫെന്റനൈല്‍ കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്‌സസ് സ്വദേശിനിയായ പമേല ജീന്‍ സ്റ്റാന്‍ലി (63)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പാര്‍ക്കര്‍ കൗണ്ടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
തന്റെ മുന്‍ ഭര്‍ത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്ന വിവരമറിഞ്ഞ് ചോക്ലേറ്റിനുള്ളില്‍ ഫെന്റനൈല്‍ കുത്തിവെച്ച് മുന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സ്റ്റാന്‍ലി ഒരു പരിചയക്കാരനോട് പറയുന്നത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ക്കര്‍ കൗണ്ടി ഷെരീഫ് ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചോക്ലേറ്റുകള്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നുള്ള അഭിനന്ദന സമ്മാനമാണെന്ന രീതിയില്‍ നല്കാനായിരുന്നു ലക്ഷ്യം. ഹണിമൂണ്‍ പ്രോത്സാഹന ഓഫറുമായി അവ അയയ്ക്കാനായിരുന്നു പദ്ധതി.
സ്റ്റാന്‍ലിയുടെ ഈ പദ്ധതിയെക്കുറിച്ച് ഷെരീഫ് ഓഫീസിനെ സ്ത്രീയുടെ സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്നാണ് സ്ത്രീയെ പിടികൂടാന്‍ നീക്കം നടത്തിയത്. ഫെന്റനൈല്‍ വാങ്ങുന്നതിനായി സ്റ്റാന്‍ലി കോള്‍മാന്‍ പാര്‍ക്കര്‍ കൗണ്ടിയിലേക്ക് വാഹനമോടിച്ച് എത്തി. ഇവരെത്തുന്നതറിഞ്ഞ് ഫെന്റനൈല്‍ വില്‍പ്പനക്കാരായി വേഷമിട്ട രഹസ്യ അന്വേഷകര്‍ക്കു മുന്നില്‍പ്പെട്ടു. ഉടന്‍ തന്നെ സ്റ്റാന്‍ലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്യുമ്പോള്‍ സ്റ്റാന്‍ലിയുടെ കൈവശം മെത്താംഫെറ്റാമൈനും കണ്ടെത്തിയതായി പ്രസ്താവനയില്‍ പറയുന്നു. ഇവരെ പാര്‍ക്കര്‍ കൗണ്ടി ജയിലിലേക്ക് മാറ്റി.
കൊലപാതക ശ്രമം, കൊലപാതക ശ്രമത്തിനുള്ള ക്രിമിനല്‍ പ്രേരണ, നിയന്ത്രിത വസ്തു കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ സ്റ്റാന്‍ലിക്കെതിരെ ചുമത്തി. ജയില്‍ രേഖകള്‍ പ്രകാരം 550,000 ഡോളര്‍ ബോണ്ടിലാണ് ഇവര്‍ തടവില്‍ കഴിയുന്നത്.
63-year-old woman arrested for trying to kill ex-husband with chocolate laced with fentanyl