തിരുവനന്തപുരം: ഒരു നൂറ്റാണ്ട് നീണ്ട സമരജീവിതത്തിന് വിരാമമിട്ട് വി.എസ്. അച്യുതാനന്ദൻ വിടവാങ്ങുമ്പോൾ, കെ.കെ. രമ ഫേസ്ബുക്കിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്… അന്ത്യാഭിവാദ്യങ്ങൾ…’ എന്നാണ് രമ കുറിച്ചത്. ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരൻ വെട്ടേറ്റ് വീണതുമുതൽ കെ.കെ. രമ സി.പി.എമ്മിനോട് നടത്തുന്ന നിരന്തരമായ രാഷ്ട്രീയ പോരാട്ടങ്ങളുടെ ആരംഭകാലത്ത് പകർത്തിയ ഒരു ചിത്രവും അവർ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. തന്നെ കാണാനെത്തിയ വി.എസിന്റെ കൈകൾ ചേർത്തുപിടിച്ച് വിതുമ്പുന്ന രമയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.
രമയുടെ കണ്ണീരിനെക്കാൾ ആ ചിത്രത്തെ പ്രസക്തമാക്കുന്നത് വി.എസിന്റെ ഭാവമാണ്. രമ തലചേർത്ത് പിടിച്ച് കരയുമ്പോൾ, സ്ഥാനം തെറ്റിപ്പോയ കണ്ണട നേരെയാക്കാൻ പോലും കൈകൾ ചലിപ്പിക്കാതെ, കൂപ്പുകൈകളോടെയാണ് വി.എസ്. നിൽക്കുന്നത്. ഒരുതരത്തിൽ ഒരേ ദുഃഖം പങ്കിടുന്ന രണ്ട് വ്യക്തികളെപ്പോലെയായിരുന്നു ആ നിമിഷം.
ടി.പി. വധത്തിൽ പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾ മുനയൊടിക്കാനും ന്യായീകരിച്ച് പാർട്ടിയെ സംരക്ഷിക്കാനും നേതാക്കൾ ശ്രമിച്ചിരുന്ന കാലത്ത്, മറ്റെന്തിനെക്കാളും മനുഷ്യനൊപ്പം നിൽക്കുകയാണ് ഒരു കമ്യൂണിസ്റ്റുകാരൻ ചെയ്യേണ്ടതെന്ന ബോധ്യത്തിൽ വി.എസ്. ഉറച്ചുനിന്നതിന്റെ ചരിത്രരേഖ കൂടിയാണ് കെ.കെ. രമയ്‌ക്കൊപ്പമുള്ള ഈ ചിത്രം. അദ്ദേഹം നയിച്ച സമരങ്ങളോളം തന്നെ പ്രസക്തവും ശക്തവുമാണ് ഈ ചിത്രം നൽകുന്ന സന്ദേശവും.
വി.എസ്. വിടവാങ്ങുമ്പോൾ ബാക്കിയാകുന്ന ശൂന്യതയിൽ കെ.കെ. രമയെപ്പോലെ അനേകമനേകം മനുഷ്യരുടെ ഓർമ്മകൾ അവശേഷിക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ‘വി.എസ്.’ എന്ന രണ്ടക്ഷരം ദീർഘകാലം നിലനിൽക്കുമെന്നതിന്റെ ഉറപ്പാണ് ഈ ഓർമ്മകളുടെ പ്രവാഹം.
‘A comrade who was a comfort in the darkness’: KK Rama remembers VS