ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ എഫ്.എം.സി.ജി (Fast-moving consumer goods) കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്.യു.എൽ.) തലപ്പത്ത് ഒരു മലയാളി വനിത എത്തുന്നു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സി.ഇ.ഒ.) മാനേജിങ് ഡയറക്ടറുമായി പ്രിയ നായർ ഓഗസ്റ്റ് 1 മുതൽ നിയമിതയാകുമെന്ന് എച്ച്.യു.എൽ. അറിയിച്ചു. നിലവിൽ യൂണിലിവറിന്റെ ബ്യൂട്ടി ആൻഡ് വെൽബീയിംഗ് വിഭാഗം പ്രസിഡന്റാണ് പ്രിയ നായർ.
എച്ച്.യു.എല്ലിന്റെ സി.ഇ.ഒ.യും എം.ഡി.യുമായി രണ്ട് വർഷം പ്രവർത്തിച്ച രോഹിത് ജാവയുടെ പിൻഗാമിയായാണ് പ്രിയ നായർ എത്തുന്നത്. രോഹിത് ജാവ ഈ മാസം 31-ന് കമ്പനിയുടെ സി.ഇ.ഒ., എം.ഡി. സ്ഥാനങ്ങൾ ഒഴിയുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഉപഭോക്തൃ ഉൽപ്പന്ന മേഖലയിലെ മുൻനിരക്കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്.യു.എൽ.) ആദ്യ വനിതാ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരിവിലയിൽ വൻ മുന്നേറ്റം.
ബി.എസ്.ഇ.യിൽ 4.78% ഉയർന്ന ഓഹരി സൂചികയിലെ നേട്ടത്തിൽ ഒന്നാമതുമാണ് എച്ച്.യു.എൽ. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവില 2,524 രൂപയിലാണ്. ഓഹരിവില ഒരുഘട്ടത്തിൽ 2,529.85 രൂപവരെ ഉയരുകയും ചെയ്തിരുന്നു.
ഓഗസ്റ്റ് ഒന്നിനാണ് പ്രിയ നായർ ചുമതലയേൽക്കുന്നത്. പാലക്കാട് സ്വദേശിനിയായ പ്രിയക്ക് നിലവിൽ യൂണിലിവർ ബ്യൂട്ടി ആൻഡ് വെൽബീയിങ് വിഭാഗം പ്രസിഡന്റ് സ്ഥാനം കൂടാതെ എച്ച്.യു.എല്ലിൽ മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന സമ്പത്തുമുണ്ട്. പ്രിയ ഹോം കെയർ വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കേയാണ് കമ്പനിയുടെ ലാഭമാർജിൻ (എബിറ്റ് മാർജിൻ) 2013-14-ലെ 13.1 ശതമാനത്തിൽനിന്ന് 2019-20-ൽ 18.8 ശതമാനമായി കുതിച്ചുയർന്നത്.
വൈകാതെ എച്ച്.യു.എൽ. ബോർഡ് ഓഫ് ഡയറക്ടേഴ്സിലും അംഗമാകും. പുണെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റിൽനിന്ന് മാർക്കറ്റിംഗിൽ എം.ബി.എ. നേടിയ പ്രിയ നായർ 1995-ലാണ് യൂണിലിവറിൽ ജോലിയിൽ പ്രവേശിച്ചത്. കൺസ്യൂമർ ഇൻസൈറ്റ്സ് മാനേജരായി കരിയർ ആരംഭിച്ച പ്രിയ 11 തസ്തികകളിൽ ജോലി ചെയ്തശേഷമാണ് സി.ഇ.ഒ. ആകുന്നത്.
കഴിഞ്ഞവർഷം സെപ്റ്റംബർ 23-ന് കുറിച്ച 3,035 രൂപയാണ് എച്ച്.യു.എൽ. ഓഹരികളുടെ 52 ആഴ്ചത്തെ ഉയരം. 52 ആഴ്ചത്തെ താഴ്ച ഈ വർഷം മാർച്ച് 4-ലെ 2,136 രൂപയും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദത്തിൽ എച്ച്.യു.എൽ. 4% വളർച്ചയോടെ 2,493 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
A Malayali woman heads India’s largest FMCG company, Hindustan Unilever Limited.