ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിൽ നിന്ന് ഔദ്യോഗികമായി പിന്മാറി. പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗാണ് വെള്ളിയാഴ്ച ഈ വിവരം അറിയിച്ചത്. ആം ആദ്മി പാർട്ടി ഇനി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്നും, തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യാ സഖ്യം വിളിച്ചുചേർക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ആം ആദ്മി പാർട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യാ സഖ്യം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ചതാണ്. ഡൽഹിയിലെയും ഹരിയാണയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ ഞങ്ങൾ സ്വതന്ത്രമായാണ് നേരിട്ടത്. ഇനി വരുന്ന ബിഹാർ തിരഞ്ഞെടുപ്പിലും ഞങ്ങൾ ഒറ്റയ്ക്ക് മത്സരിക്കും. പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതിരഞ്ഞെടുപ്പുകളിലും ഞങ്ങൾ തനിച്ച് മത്സരിച്ചു. ആം ആദ്മി പാർട്ടി ഇനി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ല,” സഞ്ജയ് സിംഗ് പറഞ്ഞു.
അതേസമയം, പാർലമെന്റിൽ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി തന്ത്രപരമായ സഹകരണം തുടരുമെന്നും എഎപി നേതാവ് അറിയിച്ചു. പാർലമെന്റിലെ വിഷയങ്ങളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുകയും തങ്ങളുടെ പിന്തുണ ഉറപ്പുനൽകുകയും ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിപക്ഷ ഐക്യസഖ്യത്തെ നയിക്കുന്നതിൽ കോൺഗ്രസിന്റെ പങ്കിനെക്കുറിച്ചും എഎപി നേതാവ് വിമർശനമുയർത്തി. ഇന്ത്യാ മുന്നണിയെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കാത്തതിലും, പരസ്പരമുള്ള വിമർശനങ്ങളിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി.
ജൂലൈ 21-ന് ആരംഭിക്കാനിരിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി, രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാനായി ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളുടെ നേതാക്കളുടെ ഓൺലൈൻ യോഗം ശനിയാഴ്ച വൈകുന്നേരം ചേരും. ഏറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ യോഗം നടക്കുന്നത്.
AAP leaves India Front; announces to contest alone