ശബരിമല ട്രാക്ടര്‍ യാത്രയിൽ എഡിജിപി അജിത്കുമാറിനെതിരെ നടപടി വേണം, സംസ്ഥാന പൊലിസ് മേധാവി ശുപാർശ നൽകി; മുഖ്യമന്ത്രിയുടെ തീരുമാനം എന്താകും?

ശബരിമല ട്രാക്ടര്‍ യാത്രയിൽ എഡിജിപി അജിത്കുമാറിനെതിരെ നടപടി വേണം, സംസ്ഥാന പൊലിസ് മേധാവി ശുപാർശ നൽകി; മുഖ്യമന്ത്രിയുടെ തീരുമാനം എന്താകും?

തിരുവനന്തപുരം: ശബരിമല ട്രാക്ടര്‍ യാത്രയുടെ കാര്യത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന്റെ ശുപാര്‍ശ. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമാണ്‌, ഡി ജി പി ശുപാർശ നൽകിയത്. ശബരിമല ട്രാക്ടര്‍ യാത്രയുടെ കാര്യത്തിൽ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ്‌ അജിത് കുമാറിനെതിരെ ഉണ്ടായത്. പിന്നീട് വിവാദ യാത്രയില്‍ അജിത് കുമാര്‍ വിശദീകരണം നല്‍കിയിരുന്നു. ശരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാലാണ് ട്രാക്ടറില്‍ കയറിയതെന്നാണ് എഡിജിയുടെ വിശദീകരണം നല്‍കിയിത്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് പൊലീസ് മേധാവി തന്നെ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

നേരത്തെ തൃശൂര്‍ പൂരം അലങ്കോലമായതിലും അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലുണ്ട്. ആഭ്യന്തര സെക്രട്ടറിയാണ് എഡിജിപിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായി ചൂണ്ടികാട്ടി ശുപാര്‍ശ ചെയ്തത്. വലിയ വീഴ്ചയാണ് അജിത് കുമാറിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് മുന്‍ ഡിജിപി ദര്‍വേഷ് സാഹിബ് നല്‍കിയ റിപ്പോര്‍ട്ട്. ഇതു പരിഗണിച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ.

ഈ രണ്ട് ശുപാര്‍ശകളിലും ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നിരവധി വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയര്‍ന്നിട്ടും എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി പേരിനൊരു നടപടി മാത്രമാണ് ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളു. തന്റെ വിശ്വസ്തനെ മുഖ്യമന്ത്രി കൈവിടുമോ എന്നാണ് ഇനി അറിയേണ്ടത്.

Share Email
Top