മുംബൈ: അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തിനു കാരണമായ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ ഓഫാക്കിയത് വിമാനത്തിലെ മുതിര്‍ന്ന പൈലറ്റാണെന്ന അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ജേര്‍ണൽ വാർത്തയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പൈലറ്റുമാര്‍.
വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണത്തിലെ വോയിസ് റിക്കാര്‍ഡ് പ്രകാരം എന്‍ജിനുകളിലേയ്ക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ പ്രധാന പൈലറ്റ് ഓഫ് ചെയ്യാന്‍ സാധ്യതയുള്ളതായാണ് വാള്‍ സ്ട്രീറ്റില്‍ വാര്‍ത്ത വന്നത്.ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ പൈലറ്റുമാരുടെ സംഘടന ഈ ആരോപണത്തെക്കുറിച്ച് കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിയത്.
സമഗ്രമായ അന്വേഷണം നടത്തുന്നതിനു മുമ്പ് ഇത്തരത്തില്‍ പൈലറ്റുമാര്‍ക്കെതിരേ കുറ്റം ആരോപിക്കുന്നത് നിയമപരമല്ലെന്നും ഇത് നീതി നിഷേധമാണെന്നു ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് (FIP) പ്രസ്താവനയില്‍ പറഞ്ഞു: അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൈലറ്റുമാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താത്തതിലുള്ള പ്രതിഷേധവും വ്യക്തമാക്കി.
അന്വേഷം പൂര്‍ത്തിയാകാത്ത ഒരു സംഭവത്തില്‍ വാള്‍ സ്ട്രീറ്റ് എന്ത് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതെന്നും അന്തിമ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വരുന്നതുവരെ മാധ്യമങ്ങളും പൊതുജനവും നിഗമനങ്ങളിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും പൈലറ്റുമാരുടെ സംഘടന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Ahmedabad plane crash: Pilots strongly criticize Wall Street Journal allegations