ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ച 128 പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ഇടക്കാലാശ്വാസം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി പാർലമെന്റിൽ അറിയിച്ചു. ദുരന്തത്തിൽ ഇരയായ ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം സഹായധനം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ട സഹായമാണ് ഇപ്പോൾ വിതരണം ചെയ്തിരിക്കുന്നത്.
ആവശ്യമായ രേഖകളുടെ പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക്, സഹായം ലഭിക്കാൻ ബാക്കിയുള്ള കുടുംബങ്ങൾക്കും തുക കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ കുടുംബങ്ങൾക്കും നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള വിശദമായ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ അപകട കാരണത്തെക്കുറിച്ച് അന്തിമ നിഗമനത്തിലെത്താൻ സാധിക്കുകയുള്ളൂ.