തിരുവനന്തപുരം: തലസ്ഥാനത്ത് അമേരിക്കയിൽ താമസിക്കുന്ന മലയാളി വനിതയുടെ ഭൂമി തട്ടിയെടുത്ത കേസിൽ വമ്പൻ വഴിതിരിവ്. അന്വേഷണം തുടരുന്തോറും ദുരൂഹതയേറുകയാണ് ജവഹർ നഗറിലെ അഞ്ചര കോടിയുടെ ഭൂമി തട്ടിപ്പ്. പരാതി നൽകിയ ബന്ധു അമര്‍ നാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്നാണ് കേസിലെ മുഖ്യപ്രതിയും ഡി സി സി അംഗവുമായ അനന്തപുരി മണികണ്ഠൻ പൊലീസിന് നൽകിയ മൊഴി. അയൽവാസിയായ അനിൽ തമ്പിയാണ് പണമെല്ലാം മുടക്കിയതെന്നും മ്യൂസിയം പൊലിസിന് മണികണ്ഠൻ മൊഴി നൽകി. അമേരിക്കയിലുള്ള ഡോറ അസറിയയ്ക്ക് അമ്മ ഇഷ്ടദാനം നൽകിയ ഭൂമിയാണ് മാഫിയ സംഘം തട്ടിയെടുത്തത്.
അധാരമെഴുത്തുകാരനും ഡി സി സി അംഗവുമായ മണികണ്ഠനാണ് വ്യാജ പ്രമാണങ്ങളുണ്ടാക്കിയ തട്ടിപ്പ് നടത്തിയത്. അനിൽ തമ്പിയുടെ ഫ്ലാറ്റിന് സമീപമാണ് 14 സെൻറും 10 മുറികള്ളു വീടും. അനിൽ തമ്പി ആവശ്യപ്പെട്ടപ്രകാരമാണ് വ്യാജപ്രമാണങ്ങളുണ്ടാക്കിയതെന്നാണ് മണികണ്ഠന്‍റെ മൊഴി. ഒരു അഭിഭാഷകൻ മുഖേനെ അസറിയുടെ ബന്ധുവും ഭൂമി നോക്കിനടത്തിപ്പുകാരനുമായ അമര്‍ നാഥ് പോളുമായി ചർച്ച നടത്തി. അമര്‍ നാഥിനും വന്‍ തുക വാഗ്ദാനം ചെയ്തു. ഡോറയുടെ വളര്‍ത്തു മകള്‍ എന്ന വ്യാജേന സുഹൃത്ത് മെറിനെ സബ് റജിസ്താര്‍ ഓഫിസിൽ ഹാജരാക്കി. ശേഷം ഇഷ്ടദാനമായി ഭൂമി തട്ടിയെടുക്കുകയായിരുന്നു.
ഇതിനുള്ള ആധാരം എഴുതി തയ്യാറാക്കിയ മണികണ്ഠൻ അതിൽ ഒരു അഭിഭാഷകനെ കൊണ്ട് ഒപ്പിടീച്ചു. ദിവസങ്ങള്‍ക്കകം ഈ ഭൂമി ഒന്നരക്കോടി രൂപയ്ക്ക് അനിൽ തമ്പിയുടെ ഭാര്യ പിതാവിന്‍റെ പേരിലേയ്ക്ക് മാറ്റി. ഇതിന് പിന്നാലെ വാഗ്ദാനം ചെയ്ത പണം നൽകാത്തതിനാൽ അമര്‍നാഥ് പോളും തങ്ങളുമായി തെറ്റിയെന്നാണ് മണികണ്ഠന്‍റെ മൊഴി. സംസ്ഥാനത്തും പുറത്തും വമ്പൻമാരുമായി അടുപ്പമുള്ള അനിൽ തമ്പി ഇപ്പോഴും ഒളിവിലാണ്. ഉടമയായ ഡോറ നാട്ടിലെത്തി മൊഴി നൽകാൻ തയ്യാറായിട്ടില്ല. 2014 ൽ ഡോറക്ക് അമ്മ എഴുത നൽകിയ ഇഷ്ടദാനം ഉള്‍പ്പെടെ പരിശോധിക്കേണ്ടിവരുമെന്നാണ് പൊലിസ് പറയുന്നത്.