‘അമ്മ’ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു: പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ജഗദീഷും ഉൾപ്പെടെ ആറുപേർ; ജോയ് മാത്യുവിന്റെ പത്രിക തള്ളി

‘അമ്മ’ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു: പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ജഗദീഷും ഉൾപ്പെടെ ആറുപേർ; ജോയ് മാത്യുവിന്റെ പത്രിക തള്ളി

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് പോര് കടുക്കുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ 93 പേരാണ് പത്രിക സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന പുരോഗമിക്കുകയാണ്. നടൻ ജഗദീഷും ശ്വേതാ മേനോനും ഉൾപ്പെടെ ആറ് പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും.

ജഗദീഷ്, ശ്വേതാ മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിട്ടുണ്ട്. പേരുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പത്രിക തള്ളാൻ കാരണം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്: ബാബുരാജ്, കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവർ. അതേസമയം, ആരോപണവിധേയർ മത്സരിക്കുന്നതിൽ സംഘടനയ്ക്കുള്ളിൽ രണ്ട് അഭിപ്രായങ്ങളുണ്ട്.

വിവാദങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ ‘അമ്മ’ ഭരണസമിതി രാജിവെച്ച് ഒരു വർഷത്തിന് ശേഷമാണ് വാശിയേറിയ ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരരംഗത്തേക്ക് ഇല്ലെന്ന് മോഹൻലാൽ അറിയിച്ചതിനെ തുടർന്നാണ് ജഗദീഷും ശ്വേതാ മേനോനും രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അന്തിമ ചിത്രം വ്യക്തമാകും. മുൻപ് ഭരണസമിതിയിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ യുവ അംഗങ്ങളും സ്ത്രീകളും ഇത്തവണ മത്സരരംഗത്തുണ്ട്.

ബാബുരാജ്, ജയൻ ചേർത്തല എന്നിവരുൾപ്പെടെയുള്ള മുൻ ഭരണസമിതി അംഗങ്ങൾ ഇത്തവണയും മത്സരിക്കാൻ തീരുമാനിച്ചതോടെ, ആരോപണവിധേയരെ മാറ്റിനിർത്തണമെന്ന് സംഘടനയിലെ ചില അംഗങ്ങൾക്കിടയിൽ അഭിപ്രായം ശക്തമായിട്ടുണ്ട്. ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ജയൻ ചേർത്തല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് മത്സരിക്കുന്നത്. അൻസിബ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും പത്രിക നൽകിയിട്ടുണ്ട്.

ആരോപണവിധേയർ മാറിനിൽക്കുന്നതാണ് മര്യാദയെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. “സംഘടനയുടെ മഹത്വം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. നല്ലൊരു ‘അമ്മ’യാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം,” താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ വ്യക്തമാക്കി. എന്നാൽ, ആരോപണവിധേയർക്കും മത്സരിക്കാമെന്നാണ് നടി സരയുവിന്റെ നിലപാട്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു കൂട്ടിച്ചേർത്തു.

താങ്കൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെന്ന് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് സ്ഥിരീകരിച്ചു. “പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു പുരുഷനും സ്ത്രീയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ബംഗളൂരുവിൽ ഒരു സിനിമയുടെ ഷൂട്ടിലായതിനാൽ ആരൊക്കെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ടെന്ന് കൃത്യമായി അറിയില്ല,” എന്നും ബാബുരാജ് പറഞ്ഞു. നൂറ്റിപ്പത്തുപേരോളം പത്രിക നൽകി എന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് കുറെ നാളിനു ശേഷമാണ് മത്സരം വരുന്നത്. ഇത്തവണ ഒരു വനിതയും ഒരു പുരുഷനും തമ്മിലുള്ള മത്സരമാണ് നടക്കാൻ പോകുന്നത്. അതിൽ ആര് ജയിച്ചാലും നമുക്ക് സന്തോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, സംഘടനയുടെ തലപ്പത്തേക്ക് ഇല്ലെന്ന് നടൻ ആസിഫ് അലി വ്യക്തമാക്കിയിട്ടുണ്ട്. “സംഘടനയുടെ അംഗമായി നിൽക്കാനാണ് ആഗ്രഹം. പുതിയ താരങ്ങൾ നേതൃനിരയിലേക്ക് വരണം. ‘അമ്മ’ എന്ന സംഘടന ആവശ്യമാണ്. കൂടുതലും നെഗറ്റീവായ കാര്യങ്ങളാണ് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും സംഘടന ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങളുണ്ട്. ഇത്രയും വർഷം അതിൽ നിന്നൊരാളെന്ന നിലയിൽ എനിക്കതറിയാം. സംഘടനയുടെ തലപ്പത്തേക്ക് പുതിയ ആളുകൾ വരേണ്ട ആവശ്യമുണ്ട്. അതിന് അനുയോജ്യരായിട്ടുള്ളവർ വരണം. സംഘടനയുടെ തലപ്പത്തേക്ക് വരാൻ ഞാൻ അനുയോജ്യനല്ല. എന്റെ ആശയവിനിമയം വളരെ മോശമാണ്. ഞാൻ ഫോൺ വിളിച്ചാൽ എടുക്കാത്ത ആളാണ്. ഒരു സംഘടനയിൽ നിൽക്കുമ്പോൾ കുറച്ചുകൂടി മര്യാദയുള്ള ആളാണ് വേണ്ടത്,” ആസിഫ് അലി പറഞ്ഞു.

505 അംഗങ്ങളുള്ള താരസംഘടനയിൽ ഇത്രയധികം പേർ നാമനിർദേശ പത്രിക സമർപ്പിച്ച ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഏറെ ആകാംഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ കടന്നു വരുമോ എന്നുള്ളതാണ് ഇത്തവണത്തെ ഒരു പ്രധാന പ്രത്യേകത. ശ്വേതാ മേനോന് എതിരായി മത്സരിക്കുന്ന നടൻ ജഗദീഷും ഏറെ ജനപ്രീതിയുള്ള താരമാണ്. ജൂലൈ 31ന് മത്സരിക്കുന്നവരുടെ അന്തിമപട്ടിക പുറത്തുവിടും. അടുത്ത മാസം 15നാണ് ‘അമ്മ’യിൽ വോട്ടെടുപ്പ് നടക്കുക. അന്നേദിവസം വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നസെന്റിന്റെ മരണത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ മോഹൻലാൽ കഴിഞ്ഞ മൂന്ന് തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഹേമ കമ്മിറ്റി വിവാദത്തോടെ മോഹൻലാൽ രാജിവെച്ചതും ഇനി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് പ്രഖ്യാപിച്ചതും ‘അമ്മ’യിൽ അങ്കലാപ്പ് സൃഷ്ടിച്ചു. ഇതോടെയാണ് പഴയ കമ്മിറ്റി പിരിച്ചുവിടാനും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനും കഴിഞ്ഞ ജനറൽ ബോഡിയിൽ തീരുമാനമുണ്ടായത്.

‘Amma’ elections heat up: Six people including Shweta Menon and Jagadish vie for the post of president; Joy Mathew’s nomination rejected

Share Email
Top