പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് സത്യജിത് റേയുടെ ബംഗ്ലാദേശിലെ ധാക്കയിലുള്ള പഴയ വസതി ബംഗ്ലാദേശ് അധികൃതർ പൊളിച്ചുമാറ്റാനൊരുങ്ങുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
ധാക്കയിലെ ഹൊറികിഷോർ റേ ചൗധരി റോഡിലുള്ള നൂറ്റാണ്ട് പഴക്കമുള്ള ഈ വീട് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടേതായിരുന്നു. ചരിത്രപരമായ ഈ വീട് പൊളിച്ചുമാറ്റാനുള്ള നടപടികൾ അധികൃതർ ഇതിനോടകം തന്നെ ആരംഭിച്ചതായാണ് വിവരം.
“ഈ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ബംഗാളി സംസ്കാരത്തിന്റെ മുൻനിര വാഹകരാണ് റേ കുടുംബം. ബംഗാളിന്റെ നവോത്ഥാനത്തിന്റെ ഒരു സ്തംഭമാണ് ഉപേന്ദ്ര കിഷോർ. അതിനാൽ, ഈ വീട് ബംഗാളിന്റെ സാംസ്കാരിക ചരിത്രവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” മുഖ്യമന്ത്രി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. പൈതൃകം നിറഞ്ഞ ഈ ഭവനം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കാൻ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സർക്കാരിനോടും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഭാരതസർക്കാരിനോടും മമത അഭ്യർത്ഥിച്ചിട്ടുണ്ട്.
ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ വീട് മുമ്പ് മൈമെൻസിങ് ചിൽഡ്രൻസ് അക്കാദമിയായി ഉപയോഗിച്ചിരുന്നു. എന്നാൽ അടുത്തിടെയായി ഉപയോഗശൂന്യമായതോടെ വീട് ജീർണാവസ്ഥയിലായെന്നാണ് റിപ്പോർട്ട്.ഈ വീട് ഒരു നൂറ്റാണ്ടിലേറെ മുമ്പാണ് നിർമ്മിച്ചതെന്നാണ് ബംഗ്ലാദേശ് പുരാവസ്തു വകുപ്പിന്റെ കണക്കനുസരിച്ച് മനസ്സിലാക്കാൻ കഴിയുന്നത്. 1947 ലെ വിഭജനത്തിനുശേഷമാണ്സ്വത്ത് സർക്കാർ ഉടമസ്ഥതയിലായത്.
വീട് 10 വർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നാണ് ധാക്കയിലെ ചിൽഡ്രൻ അഫയേഴ്‌സ് ഓഫീസർ എംഡി മെഹെദി സമാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചരിത്രപരമായി പ്രാധാന്യമുള്ള ഇത്രയും പ്രധാനപ്പെട്ട ഒരു കെട്ടിടം എന്തിനാണ് പൊളിച്ചുമാറ്റുന്നതെന്ന് ചോദിച്ചപ്പോൾ, കുട്ടികൾ കോമ്പൗണ്ടിൽ ഒത്തുകൂടുമ്പോൾ കെട്ടിടം ഗുരുതരമായ അപകടസാധ്യത ഉയർത്തുന്നുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥൻ്റെ മറുപടി.
ENGLISH NEWS SUMMARY: Bangladesh Government To Demolish Satyajit Ray’s Ancestral Home In Dhaka