ബംഗളൂരു: നഗരത്തിലെ കലാശിപ്പാളയം ബിഎംടിസി ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് ബസ് സ്റ്റാൻഡിന് സമീപമുള്ള ശുചിമുറിക്ക് സമീപം ഒരു കവറിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വെവ്വേറെ പാക്ക് ചെയ്ത നിലയിലായിരുന്നെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ ആരാണ് ഇവിടെ കൊണ്ടുവന്നതെന്നും ഇതിന് പിന്നിലുള്ള ഉദ്ദേശ്യവും കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. പൊതുസ്ഥലത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് സുരക്ഷാ ഏജൻസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.