ബംഗളൂരുവിൽ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് അധ്യാപകരും ഇവരുടെ ഒരു സുഹൃത്തും അറസ്റ്റിലായി. നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ അധ്യാപകരായ നരേന്ദ്ര, സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് പിടിയിലായത്.
ക്ലാസ്സ് നോട്ടുകൾ നൽകാമെന്ന വ്യാജേന സമീപിച്ചാണ് ഇവർ യുവതിയെ പീഡനത്തിനിരയാക്കിയത്. നരേന്ദ്രനാണ് ആദ്യം വിദ്യാർത്ഥിനിയുമായി പരിചയപ്പെട്ട്, പിന്നീട് സൌഹൃദം സ്ഥാപിച്ചത്. പിന്നീട് ബംഗളൂരുവിലുള്ള സുഹൃത്ത് അനൂപിൻ്റെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇവർ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തിന് ശേഷം മറ്റൊരു ദിവസം സന്ദീപ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയിരുന്നു. യുവതി ഇതെതിർത്തപ്പോൾ നരേന്ദ്രയുമൊത്തുള്ള ഫോട്ടോകളും വീഡിയോകളും തൻ്റെ പക്കൽ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ യുവതിയെ ബലംപ്രയോഗിച്ച് അനൂപിൻ്റെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു.
യുവതി പിന്നീട് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞതിനെ തുടർന്ന് കുടുംബം കർണാടക സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുകയും തുടർന്ന് മാറത്തഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. പരാതിയെ തുടർന്ന് പ്രതികളായ മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി.
ENGLISH NEWS SUMMARY: Bengaluru Student Raped By Lecturers And Their Friend