ബെംഗളൂരു: കർണാടകയെ ഒന്നടങ്കം നടുക്കി ബെംഗളൂരുവിൽ അതിദാരുണമായ ഇരട്ടക്കൊലപാതകം. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കമ്മസാന്ദ്രയിലാണ് രാജ്യത്തിന്റെ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഒമ്പതും ഏഴും വയസ്സുള്ള സഹോദരന്റെ മക്കളെ യുവാവ് അടിച്ചും കുത്തിയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ചാന്ദ് പാഷയുടെ മക്കളായ മുഹമ്മദ് ഇഷാഖ് (9), മുഹമ്മദ് ജുനൈദ് (7) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ അഞ്ചു വയസ്സുകാരനായ ഇളയ സഹോദരൻ മുഹമ്മദ് രോഹൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുട്ടികളുടെ പിതാവായ ചാന്ദ് പാഷയുടെ സഹോദരൻ കാസിം ആണ് ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കുട്ടികളുടെ മാതാപിതാക്കൾ ജോലിക്കായി പുറത്തു പോയ സമയത്തായിരുന്നു കാസിമിന്റെ ഈ പൈശാചികമായ ആക്രമണം. ഈ സമയം കുട്ടികളുടെ മുത്തശ്ശി പച്ചക്കറി വാങ്ങാനായി അടുത്തുള്ള കടയിൽ പോയിരുന്നു. ഈ തക്കം നോക്കിയാണ് കാസിം കുട്ടികളെ ആക്രമിച്ചത്.
പ്രതിയായ കാസിമിന് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളതായി കുടുംബം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഹെബ്ബഗോഡി പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. .