തിരുവനന്തപുരം ∙ ജൂൺ 5-ന് പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്ത് ആരംഭിച്ച ഭാരതാംബ ചിത്ര വിവാദം ഒടുവിൽ ഒരു ഉദ്യോഗസ്ഥന്റെ കസേര തെറിപ്പിച്ച് കോടതി കയറുന്നു.
വിവാദത്തിൽ സർക്കാരിന് അനുകൂല നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ ആദ്യമായി നടപടിയുണ്ടായതോടെ വരും ദിവസങ്ങളിൽ വിവാദം കൂടുതൽ ചൂടുപിടിക്കുമെന്നും ഉറപ്പായി. വിഷയത്തിൽ സസ്പെൻഷനിലായ കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാർ വൈസ് ചാൻസലറുടെ (വി.സി) നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചതോടെ നിയമപോരാട്ടത്തിനും കളമൊരുങ്ങുകയാണ്.
സർവകലാശാല ചട്ടങ്ങൾക്കു വിരുദ്ധമായി മതചിഹ്നം പ്രദർശിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ പരിപാടി റദ്ദാക്കിയതും സംഘാടകർക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയതും. എന്നാൽ, ഏതു മതചിഹ്നമാണെന്ന് വ്യക്തമാക്കാൻ രജിസ്ട്രാർക്ക് കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് വി.സി ഗവർണർക്ക് നൽകിയിരിക്കുന്നത്. ഭാരതാംബ ചിത്രം സർവകലാശാലയിൽ ഉൾപ്പെടെ വെക്കുന്നത് നിയമവിരുദ്ധമാണോ എന്നതു സംബന്ധിച്ചുള്ള തർക്കം കോടതിയുടെ പരിഗണനയിലേക്ക് എത്തുന്ന സാഹചര്യമാണുള്ളത്.
പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ പരിപാടി ഉപേക്ഷിച്ച് കൃഷിമന്ത്രി പി. പ്രസാദാണ് കാവി കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിനു തുടക്കമിട്ടത്. ഔദ്യോഗിക പരിപാടികളിൽ ആർ.എസ്.എസ്. ഉപയോഗിക്കുന്ന ചിത്രം വെക്കുന്നതിനെതിരായ നീക്കത്തിൽ സർക്കാർ കൃഷിമന്ത്രിക്കൊപ്പം നിന്നു. തുടർന്ന്, ഔദ്യോഗിക പരിപാടികളിൽ ചിത്രം ഒഴിവാക്കുമെന്ന തരത്തിൽ രാജ്ഭവനിൽനിന്ന് അനൗദ്യോഗികമായ അറിയിപ്പുണ്ടായി. എന്നാൽ, ദിവസങ്ങൾക്കു ശേഷം നിലമ്പൂർ വോട്ടെടുപ്പ് ദിവസം രാജ്ഭവനിൽ നടന്ന പരിപാടിയിൽ ചിത്രം ഉപയോഗിച്ചതോടെ പ്രതിഷേധം ശക്തമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങ് ബഹിഷ്കരിച്ചതോടെ വിവാദം കടുത്തു. മന്ത്രിയുടെ നടപടിയെ വിമർശിച്ചും ഭാരതാംബയുടെ മാഹാത്മ്യം വിവരിച്ചും ഗവർണറും ദേശീയപതാകയുടെ പ്രാധാന്യം വിവരിച്ച് മുഖ്യമന്ത്രിയും പരസ്പരം കത്തയക്കുകയും ചെയ്തിരുന്നു.
സർവകലാശാലയിലെ സംഘർഷം, രജിസ്ട്രാറുടെ നടപടി
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് രജിസ്ട്രാറുടെ സസ്പെൻഷനിൽ കലാശിച്ചിരിക്കുന്നത്. പരിപാടിക്ക് ഗവർണർ എത്തുന്നതിനു മുൻപ് സ്റ്റേജിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതാണ് വിവാദങ്ങൾക്കിടയാക്കിയത്. സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാർ നേരിട്ടെത്തി ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടു. മതപരവും ആചാരപരവുമായ ചിഹ്നങ്ങളോ പ്രഭാഷണമോ അനുവദിക്കില്ലെന്ന നിലപാട് രജിസ്ട്രാർ മുന്നോട്ടുവെച്ചു. ഇത് സെനറ്റ് ഹാൾ ബുക്ക് ചെയ്യുമ്പോഴുള്ള നിബന്ധനയിലുണ്ടെന്നും രജിസ്ട്രാർ പറഞ്ഞു.
എന്നാൽ, ഭാരതാംബ രാഷ്ട്രത്തിന്റെ ചിഹ്നമാണെന്നും മതപരമല്ലെന്നും സംഘാടകർ നിലപാടെടുത്തു. ചിത്രം മാറ്റിയില്ലെങ്കിൽ പരിപാടിക്കുള്ള അനുമതി റദ്ദാക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. ഇതിനിടെ എസ്.എഫ്.ഐ. പ്രവർത്തകർ സർവകലാശാലാ ഗേറ്റിനു മുന്നിൽ പ്രതിഷേധവുമായെത്തി. മുതിർന്ന ആർ.എസ്.എസ്. നേതാക്കളും സ്ഥലത്തെത്തി. ആർ.എസ്.എസ്. പ്രവർത്തകരും തടിച്ചുകൂടിയതോടെ വൻ പോലീസ് സന്നാഹവും എത്തി. ഇതിനിടെ പ്രതിഷേധിക്കാൻ ചിലർ ഹാളിനുള്ളിൽ കയറിയെന്ന് സംഘാടകർക്ക് വിവരം ലഭിച്ചു. ആർ.എസ്.എസ്. പ്രവർത്തകർ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭാരതാംബ ചിത്രമിരിക്കുന്നതിനു സമീപം കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ കണ്ടത്. അവിടേക്കു ചെന്ന ആർ.എസ്.എസ്. പ്രവർത്തകർ ഗോപുവിനെ മർദ്ദിച്ചു. പോലീസ് ഇടപെട്ടാണ് ഗോപുവിനെ രക്ഷിച്ചത്.
സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു. പ്രവർത്തകരും സംഘാടകരുമായി പുറത്ത് സംഘർഷമുണ്ടായി. സർവകലാശാലക്ക് അകത്ത് പ്രധാന ഗേറ്റിനു മുന്നിലായിരുന്നു എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. ഗവർണർ പോകുന്നതുവരെ പ്രതിഷേധിക്കുമെന്ന് അറിയിച്ച പ്രവർത്തകർ ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു, ബാനർ ഉയർത്തി. ഭരണഘടനയുടെ കോപ്പിയുമായി റോഡിൽ പ്രതിഷേധം തുടർന്നു. ഒരു മണിക്കൂറോളം പരിപാടിയിൽ പങ്കെടുത്ത ഗവർണർ പ്രധാന ഗേറ്റിനു സമീപത്തെ ഗേറ്റിലൂടെ പുറത്തേക്കു പോയി. എസ്.എഫ്.ഐ. പ്രവർത്തകർ പ്രകടനമായി പാളയത്തേക്കും. ഇതോടെയാണ് സർവകലാശാലാ ആസ്ഥാനത്തെ സംഘർഷത്തിന് അയവുവന്നത്.
എസ്എഫ്‌ഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തി
കേരള സര്‍വകലാശാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ മറികക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസുമായി പ്രവര്‍ത്തകര്‍ സംഘർഷവും വാക്കേറ്റവുമുണ്ടായി. എസ്എഫ്ഐ മാർച്ചിന് പിന്നാലെ ഡിവൈഎഫ്ഐയും മാർച്ച് നടത്തി. ഈ മാർച്ചിലും സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നൂറോളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിലാണ് കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതിനാണ് നടപടി. രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ വിസി ഡോ:മോഹനന്‍ കുന്നുമ്മേല്‍ ആണ് സസ്പെന്‍ഡ് ചെയ്തത്.
ഗവര്‍ണര്‍ വിളച്ചിലെടുക്കരുതെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. എസ്എഫ്‌ഐ ശക്തി അറിയാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിളിച്ചാല്‍ മതിയെന്നും നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്കെതിരെ നടപടി എടുത്ത് പുറത്താക്കുന്ന രീതി തെറ്റാണ്. അത് തിരുത്തിയില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ കാണേണ്ടി വരുമെന്നും ഇത് സൂചനാ പ്രതിഷേധമാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.
രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സിലറുടെ നടപടിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും രംഗത്തെത്തിയിട്ടുണ്ട്. വൈസ് ചാന്‍സിലര്‍ അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് കേരള സര്‍വകലാശാല വിസി ആ സ്ഥാനത്തെത്തിയതെന്നും വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സ്വതന്ത്ര പരമാധികാര സംവിധാനവും ഉന്നത വിദ്യാഭ്യാസ കേന്ദ്രവുമായ സർവകലാശാലകളെ സംഘപരിവാറിന്റെ ആലയിൽ കെട്ടാൻ വേണ്ടി ചാൻസിലർ പദവിയിലിരിക്കുന്ന ഗവർണർ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കേവലം ആർ എസ് എസ് ഏജൻ്റായി ഗവർണർ അധപതിച്ചു. അതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് മതേതരത്വത്തിന് വേണ്ടി നിലപാടെടുത്ത രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം. ഇങ്ങനെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘവത്കരണം നടത്താമെന്ന ചാൻസിലറുടെ വ്യാമോഹം കേരളത്തിൽ വിലപോവില്ല.ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്ന ചാൻസിലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുക്കുന്നു. ഇതിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
Bharatamba picture controversy: The stage is set for a legal battle; it will heat up even more in the coming days