നാടിനു നൊമ്പരമായി ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെത്തിച്ചു

നാടിനു നൊമ്പരമായി ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെത്തിച്ചു

കോട്ടയം: ആശുപത്രിയില്‍ ചികിത്സയിലുള്ള മകള്‍ക്കു കൂട്ടിയിരിപ്പിനായി മെഡിക്കല്‍ കോളജിലേക്ക് പോയ ബിന്ദു തിരികെ ഇന്ന് തലയോലപ്പറമ്പിലെ വീട്ടിലെത്തിയത് ചേതനയറ്റ ശരീരമായി. അധികാരികളുടെ അനാസ്ഥമൂലം കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണ് ബിന്ദു എന്ന വീട്ടമ്മയുടെ ജീവന്‍ നഷ്ടമായപ്പോള്‍ അതൊരു നൊമ്പരക്കാഴ്ച്ചയായി.


കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഇന്നലെ മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മക്കളും ഭര്‍ത്താവും ബന്ധുക്കളും ബിന്ദുവിനെ അവസാനമായി കണ്ടു. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്.

അതേ സമയം അപകടം നടന്ന മെഡിക്കല്‍ കോളജില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനം നടത്തി. അധികാരികളുടെ തികഞ്ഞ അനാസ്ഥയാണ് ഒരു മനുഷ്യജീവന്‍ നഷ്ടമാകാന്‍ ഇടയായതെന്നു സണ്ണി ജോസഫ് പ്രതികരിച്ചു.

കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.
അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരേയും മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരേയും ശക്തമായ വിമര്‍ശനമാണഅ ഉയരുന്നത്.
 കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്‌നസ് ഇല്ലായിരുന്നെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ കെ. ഫിലിപ്പ് പറഞ്ഞു. മെഡിക്കല്‍ കോളേജ് കാര്യങ്ങളില്‍ അധികൃതര്‍ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നും മെഡിക്കല്‍ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ലെന്നും കൂട്ടിച്ചേര്‍ത്തു.


അപകടത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം.

Bindu's body was brought to Thalayolaparambi as a tribute to the country.
Share Email
Top