പി പി ചെറിയാന്‍
ഡാളസ് : ദൈവരാജ്യം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് മാര്‍ത്തോമ്മാ സഭയ്ക്ക് കൂടുതല്‍ സമര്‍പ്പിതരായ പ്രവര്‍ത്തകരെ ആവശ്യമാണെന്ന് ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം അനുസ്മരിപ്പിച്ചു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കിടയില്‍ സന്ദേശം നല്‍കുകയായിരുന്നു അടൂര്‍ ഭദ്രാസനാധ്യക്ഷനും, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വൈസ് പ്രസിഡന്റും ആയ ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം.

സഭയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതില്‍ നിലവില്‍ സമയക്കുറവ് വലിയ തടസമാണെന്നും, ഈ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ പ്രവര്‍ത്തകരെ ലഭിക്കുന്നതിനു തീവ്രമായ പ്രാര്‍ത്ഥനകള്‍ ആവശ്യമാണെന്നും, എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സൗജന്യമായി ലഭിച്ചത് സൗജന്യമായി കൊടുക്കുക’ എന്ന തത്വം ഈ ദൗത്യത്തില്‍ അത്യന്താപേക്ഷിതമാണ്. നമുക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങള്‍ യാതൊരു പ്രതിഫലവും കൂടാതെ മറ്റുള്ളവരിലേക്ക് എത്തിക്കണം. ഇത് രോഗങ്ങളോ വേദനകളോ ഇല്ലാത്ത ഒരനുഭവമാണെന്നും, ജീവിതം ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവം നമ്മുടെ കാര്യങ്ങളില്‍ ഇടപെടുകയും നമ്മുടെ അവസ്ഥകളെയും പാതകളെയും അനുഗ്രഹിക്കുകയും ചെയ്യുമെന്നും തിരുമേനി ഓര്‍മ്മിപ്പിച്ചു. ഈ സുപ്രധാന വിവരം വ്യക്തിപരമായി സൂക്ഷിക്കാതെ മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു. നമ്മുടെ ജീവിതങ്ങളെയും കഴിവുകളെയും ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന അനുഗ്രഹങ്ങള്‍, കൈകളില്‍ ആഭരണങ്ങള്‍ അണിയുന്നതുപോലെ നമ്മുടെ ജീവിതത്തെ അലങ്കരിക്കുമെന്നും ബിഷപ് ഓര്‍മിപ്പിച്ചു .
മാര്‍ത്തോമ്മ സഭയുടെ എപ്പിസ്‌കോപ്പയായി ചുമതലയേറ്റത്തിന് ശേഷം ആദ്യമായി ഡാലസില്‍ എത്തിച്ചേര്‍ന്ന ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിമിനെ സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവക വികാരി റവ റെജിന്‍ രാജു , ട്രസ്റ്റി ജോണ്‍ മാത്യു, സെക്രട്ടറി സോജി സ്‌കറിയാ, വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം ,കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.തുടര്‍ന്ന് ഗായക സംഘത്തിന്റെ ഗാന ശുശ്രുഷക്കു ശേഷം നടന്ന വിശുദ്ധ കുര്‍ബാനക്ക് എപ്പിസ്‌കോപ്പ മുഖ്യ കാര്മീകത്വം വഹിച്ചു രാജന്‍ കുഞ്ഞു ചിറയില്‍ ,ടെനി കൊരുത് ജോതം സൈമണ്‍ എന്നിവര്‍ സഹ കാര്‍മീകരായിരുന്നു
വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന സ്വീകരണ സമ്മേളനത്തില്‍ എം സി അലക്‌സാണ്ടര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി . തുടര്‍ന്ന് ഇടവക സെക്രട്ടറി സോജി സ്‌കറിയ സ്വാഗതം ആശംസിച്ചു . ഇടവകയുടെ ഉപഹാരം ട്രസ്റ്റീ ജോണ്‍ മാത്യു സമ്മാനിച്ചു ..ഇടവക വികാരി റവ റെജിന്‍ രാജു നന്ദി പറഞ്ഞു
Bishop Mar Seraphim says the Church is looking for dedicated workers to spread the Kingdom of God