പുസ്തക പരിചയം:ജോൺ ഇളമത എഴുതിയ നോവൽ “ജീവിക്കാൻ മറന്നു പോയവർ”

പുസ്തക പരിചയം:ജോൺ ഇളമത എഴുതിയ നോവൽ “ജീവിക്കാൻ മറന്നു പോയവർ”
Share Email

എ.സി.ജോർജ്

ശ്രീ ജോൺ ഇളമത പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറിൽ നിന്ന്, 1973ൽ ജർമ്മനിയിലേക്ക് കുടിയേറി. 1984 മുതൽ അദ്ദേഹം ക്യാനഡയിൽ അധിവസിക്കുകയാണ്. ഇതിനകം അദ്ദേഹം ശ്രദ്ധേയങ്ങളായ അനേകം മലയാള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻറെ സാഹിത്യ ഭാഷ രചനകൾ അനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജോൺ ഇളമത എഴുതിയ ഏറ്റവും പുതിയ നോവൽ “ജീവിക്കാൻ മറന്നു പോയവർ” കേരളത്തിൽ നിന്ന് അതിജീവനത്തിനായി വടക്കേ അമേരിക്കയിലെ പ്രത്യേകിച്ച് കാനഡയിലേക്ക് കുടിയേറിയ ഒരുപറ്റം മലയാളികളുടെ ജീവിതങ്ങളെ ആധാരമാക്കി വളരെ ലളിതമായി രചിച്ച ഒരു നോവലാണ്. അവരുടെ ആദ്യകാല കുടിയേറ്റത്തിനിടയിൽ നേരിടേണ്ടി വന്ന നിരവധി ജീവിത സംഘർഷങ്ങളെ വളരെ വ്യക്തമായി, ഇവിടെ അദ്ദേഹം ചിത്രീകരിക്കുന്നു. വളരെയധികം യാഥാർത്ഥ്യ ബോധത്തോടെ നടത്തിയ ഈ രചനയുടെ സംഭവപരമ്പരകൾ വളരെയധികം ആകാംക്ഷ ജനകങ്ങളാണ്. കഥയും കഥാപാത്രങ്ങളും സ്വദേശത്തും, കുടിയേറിയ പുതിയ ദേശത്തും, നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന, അവരുടെ സുഖ ദുഃഖങ്ങളും വ്യഥകളും സത്യസന്ധമായി ഈ നോവലിൽ ഉടനീളം പ്രതിഫലിക്കുന്നു.

മധ്യ കേരളത്തിലെ പ്രത്യേകിച്ച് ക്രിസ്തീയ സമൂഹത്തിൻറെ ജീവിതം മാറ്റിമറിച്ചത് വടക്കേ അമേരിക്കയിലേക്കുള്ള, കാനഡ ഉൾപ്പെടെയുള്ള കുടിയേറ്റവും പ്രവാസ ജീവിതവും ആണ്. അതിനായി ഏറ്റവും ആദ്യം ധീരതയോടെ രംഗത്തിറങ്ങിയത്, നേഴ്സുമാരായ സ്ത്രീകളാണ്. കേരളത്തിൻറെ സാമ്പത്തിക അടിത്തറയ്ക്ക് വിത്തുപാകിയത് ആതുര സേവന രംഗത്ത് ഇന്ത്യയ്ക്ക് അകത്തും പുറത്തും ജോലി ചെയ്യുന്ന നേഴ്സുമാരാണെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. നോവലിസ്റ്റിന്റെ നർമ്മഭാഷയിൽ അവരുടെ വാലിൽ തൂങ്ങി, അവരെ വിവാഹം കഴിച്ചും, അവരുടെ ബന്ധുമിത്രാദികളും ആശ്രിതരുമായി അനേകർ, ഗൾഫ് നാടുകളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറി.

നേഴ്സുമാർ ആദികാലത്ത് വിവാഹം കഴിച്ചു കൊണ്ടുവന്നവർ, വിദേശത്ത് ആരംഭ ദശയിൽ വെറും ഭർത്താവ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു. അവരിൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു. അമേരിക്കയിലേക്ക് മറ്റും കുടിയേറിയ ഇത്തരക്കാരിൽ പലരും അവിടങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും പോയി പഠിച്ച് കൂടുതൽ ബിരുദങ്ങളും യോഗ്യതകളും നേടി. അതിന് അനുസൃതമായി അവർക്കെല്ലാം ഉയർന്ന ശമ്പളത്തിൽ ജോലികളും ലഭ്യമായി എന്നതും ഒരു പരമാർത്ഥമാണ്. എന്നാൽ പലരും, അവിടങ്ങളിൽ വീടുകളിൽ കുത്തിയിരുന്ന്, നേഴ്സുമാരായ ഭാര്യമാരെ കൊണ്ട് ഒന്നും ഒന്നരയും രണ്ടും ജോലികൾ ചെയ്യിപ്പിച്ച് ബാങ്ക് ബാലൻസുകൾ വർധിപ്പിച്ചു. ആദ്യകാല കുടിയേറ്റക്കാർ സ്പോൺസർ ചെയ്തു കൊണ്ടുവന്ന സ്വന്തം സഹോദരങ്ങളും, ആശ്രിതരും, സ്വന്തം കാലിൽ നിൽക്കാറായപ്പോൾ, കാര്യം കണ്ടു കഴിഞ്ഞപ്പോൾ, കൊണ്ടുവന്നവർക്കും സഹായിച്ചവർക്കും എതിരെ വളരെയധികം നന്ദി ഹീനരായി അവർ തിരിഞ്ഞു കൊത്തി, പരമ ശത്രുക്കളെപ്പോലെ ആക്രമിച്ചവരാണ് അധികവും. ഇപ്രകാരം, അമേരിക്കയിലെയും മറ്റും ആദ്യകാല കുടിയേറ്റക്കാർ, സ്വന്തക്കാരെയും, ബന്ധുക്കളെയും, മിത്രങ്ങളെയും, സഹായിച്ചു സഹായിച്ചു, സ്വയം ഒന്ന് ജീവിക്കാൻ മറന്നുപോയവരുടെ കഥയാണ് ഈ നോവലിൽ പ്രതിഫലിച്ച് കാണുന്നത്. അത്തരക്കാരായ ജീവിക്കാൻ മറന്നു പോയവരുടെ, വൈവിധ്യമേറിയ ത്യാഗോജ്വലമായ ജീവിതങ്ങളുടെ സങ്കീർണങ്ങളായ കഥകളാണ് ഈ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിലെ ഗ്രാമീണ ഭാഷകളും വിവരണങ്ങളും ശൈലികളും ഈ കൃതിയെ അത്യധികം ആകർഷകമാക്കുന്നു.

ഹൃദയസ്പർശിയായ, ജീവിതഗന്ധിയായ ഈ നോവലിലെ സാരാംശം ഇതാണ്.
ആറ് മലയാളി നേഴ്സുമാർ ഒരുമിച്ച് കപ്പലിൽ കാനഡയിലേക്ക് പുറപ്പെട്ടു. കാനഡയിൽ എത്തി. മഞ്ഞു വീഴുന്ന തണുത്ത കാലാവസ്ഥ. പുതിയ ഭാഷ പുതിയ സംസ്കാരം വ്യത്യസ്തങ്ങളായ ആചാരങ്ങൾ ഭക്ഷണരീതികൾ. ഇതൊക്കെയായി ആരംഭ കാലത്ത് ഒന്നു പൊരുത്തപ്പെടാൻ ഒത്തിരി ബുദ്ധിമുട്ടി. ആരംഭ കാലത്ത് ഹോസ്പിറ്റലുകളിലും നേഴ്സിങ് ഹോമുകളിലും നേഴ്സ് ആയി ജോലി കിട്ടിയില്ല. അവിടത്തെ ലൈസൻസിംഗ് പരീക്ഷ പാസാകാത്തതിനാൽ നഴ്സസ് എയ്ഡ് ആയിട്ടാണ് അവർക്ക് ജോലി കിട്ടിയത്. തുടർന്ന് അവിടത്തെ നഴ്സിംഗ് ട്യൂട്ടോറിയൽ കോളേജിൽ പോയി പഠിച്ച് ആർ .ൻ. ലൈസൻസ് എഴുതിയെടുത്ത മുറയ്ക്ക് അവർക്കെല്ലാം ശരിയായ നഴ്സിംഗ് ജോലിയും ലഭ്യമായി. ഈ നോവലിലെ നായികയായ അന്നമ്മയാണ് ഏറ്റവും ആദ്യം നഴ്സിംഗ് പരീക്ഷ അവിടെ പാസായത്. ഒരു വർഷത്തെ ജോലിക്ക് ശേഷം അന്നമ്മ വിവാഹം കഴിക്കാൻ നാട്ടിലേക്ക് പുറപ്പെടുകയാണ്. വിവാഹത്തിനുശേഷം ഭർത്താവുമൊത്ത് കാനഡക്ക് തിരികെ വരാനാണ് അന്നമ്മയുടെ പ്ലാൻ.

അന്നമ്മ നാട്ടിലെത്തിയ വിവരം അറിഞ്ഞ അനേകം യുവാക്കൾ അന്നമ്മയുടെ കഴുത്തിൽ മാല ചാർത്തി സങ്കല്പത്തിൽ തേനും പാലും ഒഴുകുന്ന കാനാൻ ദേശമായ അമേരിക്കൻ വൻകരയിലേക്ക് കുടിയേറാൻ ക്യൂ നിൽക്കുകയായിരുന്നു. തന്നെക്കാൾ രണ്ടു വയസ്സ് മൂപ്പുള്ള സണ്ണിയെ വിവാഹം കഴിച്ചു, ഇരുവരും കാനഡയിലെത്തി. സണ്ണി ബിരുദാനന്തര ബിരുദധാരി ആയിരുന്നെങ്കിലും ഇംഗ്ലീഷിൽ നല്ല പിടി ഉണ്ടായിരുന്നില്ല. അവിടത്തുകാർ പറയുന്ന ഇംഗ്ലീഷ് സണ്ണിക്ക് ശരിക്ക് അങ്ങോട്ട് പിടികിട്ടിയില്ല. സണ്ണിയുടെ ഇംഗ്ലീഷ് അവർക്കും മനസ്സിലായില്ല. എന്നാൽ സണ്ണിയുടെ ചിന്ത ഒരുമാതിരി സർവ്വജ്ഞൻ താനാണെന്ന് മാതിരി ആയിരുന്നു താനും. ഒരുപക്ഷേ ഒരു നല്ല പക്ഷം കുടിയേറ്റ മലയാളികളുടെയും സ്വകാര്യ ചിന്തയും സ്വകാര്യ അഹങ്കാരവും സണ്ണിയുടെ മാതിരി തങ്ങൾ സർവ്വജ്ഞരാണ് എന്നായിരിക്കും. ഏതായാലും അന്നമ്മയുടെ മുമ്പിൽ സണ്ണിയുടെ ഭർത്താവ് എന്ന ആ ലീഡർഷിപ്പ് പവർ വിലപ്പോയില്ല. ഇവിടെ ഭാര്യയായ അന്നമ്മ തന്നെ ലീഡർഷിപ്പും ഭരണവും സ്വായത്തമായി കൈക്കലാക്കി. അന്നമ്മയുടെ ഭരണം. അന്നമ്മ ഭർത്താവിനെ ജോലിക്ക് വിട്ടില്ല. അന്നമ്മ രണ്ട് ഷിഫ്റ്റ് ജോലി ചെയ്തു. ഭർത്താവിനെ വീട് തുടയ്ക്കാനും, കുക്കിങ്ങിനുമായി നിയോഗിച്ചു. അവർക്കു രണ്ടു പെൺകുട്ടികൾ ഉണ്ടായി, മൂന്നാമത് ഒരു ആൺതരിയും ഉണ്ടായി.

ഒരിക്കൽ സാന്ദർഭികമായി, സണ്ണിയും അന്നമ്മയും അയലത്ത് വന്നു താമസമാക്കിയ പോളിനെയും, ഭാര്യയായ ആച്ചിയമ്മയെയും പരിചയപ്പെട്ടു. പ്രായണ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറും ബിൽഡറും ഒക്കെയായ പോളിനൊപ്പം ചേർന്ന് സണ്ണിയും ആ ബിസിനസ് പഠിച്ചു അതിൽ ഏർപ്പെട്ടു. സ്വന്തമായി ജോലിയും അതിൽ നിന്ന് ധാരാളമായി പണവും ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ സണ്ണിയുടെ പുരുഷത്വവും മേധാവിത്വവും ഉയരാൻ തുടങ്ങി. മദ്യപാനവും ആരംഭിച്ചു. അന്നമ്മയുടെ മേൽ പതിവായി കുതിര കയറാനും, വേണ്ടിവന്നാൽ ദേഹോപദ്രവും വരെ ഏൽപ്പിക്കാനും സണ്ണി തയ്യാറായി. എന്തിനേറെ, സണ്ണിയും അന്നമ്മയും വിവാഹമോചനം നേടി. അങ്ങനെ അവർ ഇരുവരും രണ്ടു വഴിക്കായി.

താമസിയാതെ സണ്ണി ചിന്നമ്മയെന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. സണ്ണിക്ക് ചിന്നമ്മയിൽ കുട്ടികൾ ഒന്നും ഉണ്ടായില്ല. ചിന്നമ്മയുടെ ആങ്ങളമാരെ അമേരിക്കയിൽ എത്തിച്ചു. സണ്ണി ചിന്നമ്മയും സകല സ്വത്തും ചിന്നമ്മയുടെ ആങ്ങളക്ക് എഴുതിവെച്ചു. എന്നാൽ ചിന്നമ്മയുടെ ആങ്ങള ചിന്നമ്മയെയും സണ്ണിയെയും ചതിച്ചു വീട്ടിൽ നിന്ന് ഇറക്കിവിട്ടു. അധികം താമസിയാതെ യാതനയും വേദനയും ദാരിദ്ര്യവും അനുഭവിച്ച് ആരോരുമില്ലാതെ ചിന്നമ്മ മരിച്ചു. ഇതിനിടയിൽ സണ്ണിയുടെ ആദ്യ ഭാര്യ അന്നമ്മ, ചാണ്ടിയെന്ന ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ചിരുന്നു. അധികം താമസിയാതെ അന്നമ്മയുടെ സ്വത്തും തട്ടിയെടുത്ത്, അന്നമ്മയെ പറ്റിച്ച്, ചെറുപ്പക്കാരിയായ ഒരു സ്പാനിഷ് സുന്ദരിയുമായി ചാണ്ടി കടന്നു കളഞ്ഞു.

ആദ്യ വിവാഹബന്ധങ്ങൾ വേർപെട്ട സണ്ണിയും അന്നമ്മയും തുല്യദുഃഖിതരും, ഒരർത്ഥത്തിൽ ആരോരുമില്ലാത്തവരുമായി മാറി. അവരിരും രോഗികളായി നേഴ്സിംഗ് ഹോമുകളിൽ അന്തേവാസികളായി കഴിഞ്ഞുപോയ കാലങ്ങളെ പറ്റി ചിന്തിച്ച് കണ്ണീർ പൊഴിച്ചു. ജീവിക്കാൻ മറന്നുപോയവരായിരുന്നു അവർ. കാലങ്ങൾ കഴിഞ്ഞു. രോഗബാധിതരായ അവർ ഇരുവരുടെയും കണ്ണുകൾ അധിക കാലതാമസങ്ങൾ കൂടാതെ നിത്യമായി അടഞ്ഞു.

മറ്റുള്ളവരെ സഹായിക്കുന്നതു നല്ല പ്രവർത്തി തന്നെ. പക്ഷേ ചതിക്കുഴികളിൽ വീഴാതെ നമ്മൾ ജാഗരൂപുകരായിക്കണം. അതുപോലെ ഓരോരുത്തരും സ്വയം ജീവിക്കണം. ജീവിക്കാൻ മറന്നു പോകരുത് എന്ന ഒരു സന്ദേശവും ദുഃഖ പര്യവസായി ആയ ഈ നോവലിൽ ജോൺ ഇളമത വരച്ചു കാട്ടുന്നു. നോവലിനും നോവലിസ്റ്റിനും ഭാവുകങ്ങൾ. കൈരളി ബുക്സ് കോഴിക്കോട് ആണ് ഈ പുസ്തകത്തിൻറെ പ്രസാധകർ.

ജോൺ ഇളമതയുടെ നോവൽ “ജീവിക്കാൻ മറന്നു പോയവർ”. അമേരിക്കയിലെ ഹ്യൂസ്റ്റനിൽ പ്രകാശനം ചെയ്തപ്പോൾ എടുത്ത വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു.

എ.സി.ജോർജ്

Book Introduction: The Novel “Jeevikkaan Marannu Poyavar” by John Elamatha

Share Email
Top