‘ഇതെൻ്റെ ചേമ്പറാണ്, നിൻ്റെയല്ല’: മഥുര കോടതിയിൽ വനിതാ അഭിഭാഷകരുടെ തമ്മിൽത്തല്ല്

‘ഇതെൻ്റെ ചേമ്പറാണ്, നിൻ്റെയല്ല’: മഥുര കോടതിയിൽ വനിതാ അഭിഭാഷകരുടെ തമ്മിൽത്തല്ല്

മഥുര കോടതി വളപ്പിൽ വനിതാ അഭിഭാഷകരുടെ തമ്മിൽത്തല്ല്. വെള്ളിയാഴ്ചയാണ് സംഭവം. ലോ ചേമ്പറുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സമീപത്ത് നിന്നവർ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതോടെ സംഭവം സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. അഭിഭാഷകർ പരസ്പരം അസഭ്യം പറയുകയും പരസ്പരം മുടിയിൽ വലിക്കുകയും പൊതുജനങ്ങളുടെ മുന്നിൽ ശാരീരികമായി ഏറ്റുമുട്ടുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ ഉൾപ്പെട്ട അഭിഭാഷകരിലൊരാളായ സ്നേഹ ലത എന്നയാൾ നടന്ന സംഭവങ്ങളെ കുറിച്ച് ചില മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. തൻ്റെ സഹപ്രവർത്തക കൂടിയായ അഭിഭാഷക തൻ്റെ പക്കൽ നിന്നും പണം വാങ്ങി പുതിയ ലോ ചേമ്പർ സ്ഥാപിച്ചെന്നും പിന്നീട് തന്നോട് മോശമായി പെരുമാറിയെന്നുമാണ് ഇവരുടെ പ്രതികരണം.

“ആദ്യം അവൾ എന്നോട് പറഞ്ഞു, നമ്മൾ സഹോദരിമാരാണെന്ന്. താൻ ഒരിക്കലും നിങ്ങളെ വഞ്ചിക്കില്ലെന്നും പറഞ്ഞു. ഇതോടെ പുതിയ ചേമ്പർ സ്ഥാപിക്കുന്നതിനായി ഞാൻ പണം നൽകി. എന്നാൽ ഇന്ന് രാവിലെ ഞാൻ ചേംബറിൽ ഇരിക്കാൻ വന്നപ്പോൾ, അവൾ കസേര ചവിട്ടിമറിച്ചിട്ട് ഇവിടെ ഇരിക്കേണ്ടെന്ന് എന്നോട് പറഞ്ഞു. മാത്രമല്ല പിന്നീട് എൻ്റെ സ്കൂട്ടറും തള്ളി താഴെയിട്ടു.

അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ആരും പരാതി നൽകിയിട്ടില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ രേഖാമൂലം പരാതി ലഭിച്ചാൽ ഉടൻ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Share Email
LATEST
Top