തിരുവനന്തപുരം: ആഴ്ച്ചകള്‍ക്കു മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷം തിരികെ പോയി.
എഫ്-35ബി എന്ന ബ്രിട്ടീഷ് യുദ്ധവിമാനമാണ് അഞ്ച് ആഴ്ചകള്‍ക്ക് ശേഷം ഇന്ന് തിരുവനന്തപുരത്തു നിന്നും തിരികെ പറന്നത്. യുകെയില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി അറ്റകുറ്റപ്പണികള്‍ ചെയ്ത ശേഷമാണ് മടക്കം. ഇന്നലെയാണ് തിരികെ പറക്കാനുള്ള അനുമതി എഫ്-35ബിക്ക് ലഭിച്ചത്.
ജൂണ്‍ 14 നാണ് കുറഞ്ഞ ഇന്ധന നിലയും പ്രതികൂല കാലാവസ്ഥയും മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെ ഹാങ്ങറില്‍നിന്നു പുറത്തിറക്കി എന്‍ജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി.
പറത്തിക്കൊണ്ടുപോകാന്‍ കഴിയുമോ എന്ന സംശയം ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ തിരികെ പറക്കാന്‍ അനുമതി നല്കിയത്.
British fighter jet makes emergency landing, returns home after five weeks