ഒന്റാറിയോ: കാനഡയിലേക്ക് എക്‌സ്പ്രസ് എൻട്രി പ്രോഗ്രാമുകൾ വഴി സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് സാമ്പത്തിക ഭദ്രത തെളിയിക്കാൻ ആവശ്യമായ ഫണ്ടിന്റെ തുക കാനഡ വർധിപ്പിച്ചു. അപേക്ഷകന്റെ കുടുംബത്തിന്റെ വലുപ്പത്തെ അടിസ്ഥാനമാക്കിയാണ് പുതിയ തുക നിശ്ചയിച്ചിരിക്കുന്നത്. ഇത് കാനഡയിൽ കുടിയേറുന്നവർക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ താമസിക്കാൻ സാധിക്കുമെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യം വെച്ചുള്ളതാണ്.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2025 ജൂലൈ 7-നാണ് ഇത് സംബന്ധിച്ച നിർദേശം പുറത്തിറക്കിയത്. ഇനി മുതൽ ഒരു വ്യക്തിക്ക് കാനഡയിൽ സ്ഥിരതാമസമാക്കണമെങ്കിൽ ഏകദേശം 9.5 ലക്ഷം ഇന്ത്യൻ രൂപ (15,263 കനേഡിയൻ ഡോളർ) ബാങ്കിൽ കാണിക്കേണ്ടിവരും.
നേരത്തെ 14,690 കനേഡിയൻ ഡോളറായിരുന്ന ഏറ്റവും കുറഞ്ഞ ഫണ്ടിന്റെ തുക 573 കനേഡിയൻ ഡോളർ വർധിപ്പിച്ചാണ് 15,263 കനേഡിയൻ ഡോളറാക്കിയത്. പുതിയതായി അപേക്ഷിക്കുന്നവർക്ക് ഈ തുക ബാധകമാകും. നിലവിലെ അപേക്ഷകർക്ക് യോഗ്യത നിലനിർത്താൻ, എക്‌സ്പ്രസ് എൻട്രി പ്രൊഫൈലിൽ ഫണ്ടുകളുടെ തെളിവ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇത് 2025 ജൂലൈ 28-നകം പൂർത്തിയാക്കണം.
അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽ ഈ തുകയുണ്ടെന്ന് തെളിയിക്കുന്ന ഔദ്യോഗിക ബാങ്ക് ലെറ്റർ കൈവശമുണ്ടായിരിക്കണം. ജീവിതപങ്കാളി നിങ്ങളോടൊപ്പം കാനഡയിലേക്ക് വരുന്നുണ്ടെങ്കിൽ, ജോയിന്റ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാവുന്നതാണ്.
Canada PR: More money will be needed to prove financial security