സാൻ അന്റോണിയോ: ടെക്സാസിൽ നടന്ന വാഹനാപകടത്തിൽ നാല് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാൻ അന്റോണിയോയിലെ ഇന്റർസ്‌റ്റേറ്റ് 35-ൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:00 ഓടെയാണ് അപകടമുണ്ടായത്. അമിത വേഗതയാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് അധികൃതർ അറിയിച്ചു.
ലിയോൺ ക്രീക്ക് പ്രദേശത്തിന് സമീപം ഒരു ട്രെയിലർ വലിച്ചുകൊണ്ടുപോവുകയായിരുന്ന ട്രാൻസ്‌പോർട്ട് ബസിലേക്ക് അതിവേഗതയിലെത്തിയ ഒരു വെളുത്ത ഷെവർലെ കാമറോ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ട കാമറോ മോഷ്ടിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. കാറിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവരുടെ കൈവശം തോക്കുണ്ടായിരുന്നതായി സാൻ അന്റോണിയോ പോലീസ് മേധാവി ബിൽ മക്മാനസ് സ്ഥിരീകരിച്ചു.
അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വൈകുന്നേരത്തോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള 18 പേർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
മോഷ്ടാക്കൾ അമിത വേഗതയിൽ രക്ഷപ്പെടാൻ ശ്രമിച്ചതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതെന്ന് സാൻ അന്റോണിയോ പോലീസ് മേധാവി ബിൽ മക്മാനസ് പറഞ്ഞു. അപകടത്തെത്തുടർന്ന് ഇന്റർസ്‌റ്റേറ്റ് 35-ൽ ഗതാഗത തടസ്സമുണ്ടായി. രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അവർ ഒളിവിൽ പോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. പോലീസ് അക്രമികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ബസ് ഫോർട്ട് വർത്തിൽ നിന്ന് മെക്സിക്കോയിലേക്ക് പോകുകയായിരുന്നു. ട്രാൻസ്‌പോർട്ടസ് ഗ്വെറ എന്ന കമ്പനിയുടെ ബസ്സാണിത്. തങ്ങളുടെ ബസ് അപകടത്തിൽപ്പെട്ടതായി കമ്പനി ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ നൽകുന്നതിനായി കമ്പനി ഹെൽപ്‌ലൈൻ നമ്പറുകളും (8303195168, 8621097187, 6827581055) പങ്കുവെച്ചിട്ടുണ്ട്.
Car thieves speeding; Four dead, several injured in San Antonio car crash