യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന വാർത്തകൾ ആശ്വാസകരമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്ക് നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. നീതിക്കായുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് വിജയിക്കാനാകും. വധശിക്ഷ റദ്ദാക്കൻ ഒരുമിച്ച് നിന്ന എല്ലാവർക്കും നന്ദിയുണ്ട്. ഉമ്മൻ ചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്നാണ് സാധ്യമാകുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്കാണ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. എന്നാൽ ഉടൻ ജയിൽ മോചിതയാകില്ല, ശിക്ഷാ ഇളവിന്റെ കാര്യത്തിൽ ചർച്ച തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്ന കാര്യത്തിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. നയതന്ത്ര ഇടപെടലുകൾ അത്രയൊന്നും സാധ്യമല്ലാത്ത ഒരു രാജ്യമാണ് യെമൻ. അവിടെ ഫലപ്രദമായി ഒരു ചർച്ച നടക്കുകയും അതിന് ഫലം കാണുകയും ചെയ്തുവെന്നകാര്യം ഏറെ ആശ്വാസകരമാണ്.