ഛത്തീസ്ഗഢ് ദുര്‍ഗില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ല. വിചാരണക്കോടതി അവരുടെ ജാമ്യാപേക്ഷ തള്ളിയതായി അഭിഭാഷകര്‍ അറിയിച്ചു. സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവരെ പ്രതിപക്ഷ എംപിമാര്‍ സന്ദര്‍ശിച്ചു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മോശമായ രീതിയില്‍ തന്നെ നേരിട്ടുവെന്ന് കന്യാസ്ത്രീകള്‍ എംപിമാരോടു പറഞ്ഞു. സന്ദര്‍ശകരില്‍ എന്‍. കെ. പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, സപ്തഗിരി എന്നിവരും ഉണ്ടായിരുന്നു. കൂടാതെ സിസ്റ്റര്‍മാരുടെ ബന്ധുവായ ബൈജുവിനും സന്ദര്‍ശനാനുമതി ലഭിച്ചു.
ഞായറാഴ്ച ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലാണ് കന്യാസ്ത്രീകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചതും ബഹളമുണ്ടാക്കിയതും. തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് കണ്ണൂര്‍ ഉദയഗിരി ഇടവകയും, സിസ്റ്റര്‍ പ്രീതി മേരി അങ്കമാലി എളവൂര്‍ ഇടവകയും നിന്നുള്ളവരാണ്.
Chhattisgarh Nuns’ Bail Plea Rejected; Opposition MPs Visit Them in Jail