ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമാണം ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന ആരംഭിച്ചു. ടിബറ്റിലൂടെയും ഇന്ത്യയിലൂടെയും ഒഴുകുന്ന ബ്രഹ്മപുത്ര നദിയിൽ ശനിയാഴ്ച നിർമാണം ആരംഭിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുത്തു. ന്യിങ്‌ചിയിലെ മെയിൻലിങ് ജലവൈദ്യുത നിലയത്തിന്റെ ഭാഗത്താണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്. അഞ്ച് വൈദ്യുത പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് ഈ മെഗാ ഡാം പദ്ധതി.
ടിബറ്റിലെ ഇന്ത്യ-ചൈന അതിർത്തിയിൽ അരുണാചൽ പ്രദേശിനടുത്തുള്ള നിങ്ചിയിലാണ് 1.2 ട്രില്യൺ യുവാൻ (167.1 ബില്യൺ ഡോളർ) ചെലവഴിച്ചുള്ള ഈ പദ്ധതി. അഞ്ച് ജലവൈദ്യുത നിലയങ്ങൾ നിർമ്മിക്കുന്ന ഈ മെഗാ ഡാം പദ്ധതി, ടിബറ്റിലെ ബ്രഹ്മപുത്ര നദിയുടെ മുകൾ ഭാഗത്തുള്ള യാർലുങ് സാങ്‌പോയുടെ താഴ്ന്ന പ്രദേശങ്ങളിലാണ് യാഥാർത്ഥ്യമാകുന്നത്. പദ്ധതിക്ക് കഴിഞ്ഞ ഡിസംബറിൽ ചൈനീസ് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ അണക്കെട്ട് ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്. ടിബറ്റിൽ യാർലുങ് സാങ്‌പോ എന്നും ഇന്ത്യയിൽ ബ്രഹ്മപുത്ര എന്നുമാണ് നദി അറിയപ്പെടുന്നത്.
വൈദ്യുതി ഉത്പാദനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും, ടിബറ്റിലെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പദ്ധതി സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കിയതായി സ്റ്റേറ്റ് വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു.
ഹിമാലയൻ നിരകളിലൂടെ ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് വളഞ്ഞൊഴുകുന്ന വലിയ മലയിടുക്കിലാണ് പദ്ധതി. അരുണാചൽ കടന്ന് ബ്രഹ്മപുത്ര ഒഴുകുന്നത് ബംഗ്ലദേശിലേക്കാണ്. ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായ ചൈനയുടെ തന്നെ ‘ത്രീ ഗോർജസ് ഡാം’ പദ്ധതിയെയും പിന്നിലാക്കുന്നതാണ് പുതിയ പദ്ധതി. ഈ കൂറ്റൻ പദ്ധതി ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക ഇന്ത്യ ജനുവരിയിൽ ഉന്നയിച്ചിരുന്നു. ബ്രഹ്മപുത്ര നദിയുടെ താഴ്വരയിലുള്ള ഭാഗങ്ങളിൽ പദ്ധതി ദോഷകരമാകരുതെന്നും പരിശോധനകൾ വേണമെന്നും ഇന്ത്യ, ചൈനയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജലവൈദ്യുത പദ്ധതികൾ വികസിപ്പിക്കാനുള്ള ബ്രഹ്മപുത്ര നദിയിലെ എല്ലാ പദ്ധതികളും ഇന്ത്യ ശ്രദ്ധാപൂർവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
Threat to India? China starts construction of world’s largest dam on Brahmaputra river