ട്രംപ് ഭരണകൂടവും ഹാർവാർഡും തമ്മിലുള്ള ഏറ്റുമുട്ടൽ: സർവകലാശാലയുടെ വിദേശ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

ട്രംപ് ഭരണകൂടവും ഹാർവാർഡും തമ്മിലുള്ള ഏറ്റുമുട്ടൽ: സർവകലാശാലയുടെ വിദേശ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

ബോസ്റ്റൺ: ഡൊണാൾഡ് ട്രംപ് സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനിടെ, അമേരിക്കയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ഹാർവാർഡ് സർവകലാശാല രംഗത്ത്. ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള പ്രവേശനം ഒഴിവാക്കണമെന്നും, യാത്ര ചെയ്യുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഉള്ളടക്കത്തിലും ജാഗ്രത പാലിക്കണമെന്നുമാണ് സർവകലാശാലയുടെ പ്രധാന നിർദേശം.

ലോഗൻ വിമാനത്താവളത്തിൽ വിദേശ വിദ്യാർത്ഥികൾക്കുള്ള പരിശോധനകൾ കടുപ്പിച്ച സാഹചര്യത്തിലാണ് ഹാർവാർഡ് അധികൃതരുടെ ഈ മുന്നറിയിപ്പ്. ട്രംപ് ഭരണകൂടത്തിന്റെ വിദേശ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ ഹാർവാർഡ് കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതിന് പിന്നാലെയാണ് സർവകലാശാലയുടെ ഈ നിർദേശങ്ങൾ.

ഹാർവാർഡ് ഇന്റർനാഷണൽ ഓഫീസും ഹാർവാർഡ് ലോ സ്കൂൾ ഇമിഗ്രേഷൻ സപ്പോർട്ട് ഗ്രൂപ്പും ചേർന്ന് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്വകാര്യ യോഗത്തിലാണ് ഈ നിർദേശങ്ങൾ നൽകിയത്. ലോഗൻ വിമാനത്താവളത്തിന് പകരമായി ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളം, ചിക്കാഗോയിലെ ഓ’ഹെയർ വിമാനത്താവളം, ലോസ് ഏഞ്ചൽസിലെ വിമാനത്താവളങ്ങൾ എന്നിവ മികച്ച ഓപ്ഷനുകളായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നവർ യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

സോഷ്യൽ മീഡിയയും ഇലക്ട്രോണിക് ഉപകരണങ്ങളും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വിസ നടപടികളുടെ ഭാഗമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാൻ സാധ്യതയുണ്ടെന്ന് ഹാർവാർഡ് അധികൃതർ വിദ്യാർത്ഥികളോട് പറഞ്ഞു. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർക്ക് ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കാനും അതിൽ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കാനും അധികാരമുണ്ടെന്നും അധികൃതർ അറിയിച്ചു.

പലസ്തീൻ അനുകൂലമോ, ജൂതവിരുദ്ധമോ, അമേരിക്കയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഉള്ളടക്കങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ പ്രശ്നങ്ങളുണ്ടാവാം. ചെറിയ നിയമലംഘനങ്ങൾ പോലും ശ്രദ്ധയിൽപ്പെട്ടാൽ ബുദ്ധിമുട്ടുകൾ സംഭവിക്കാമെന്നും മുന്നറിയിപ്പുണ്ട്. യാത്രയ്ക്ക് മുൻപ് ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നത് സംശയം ജനിപ്പിക്കാൻ ഇടയാക്കുമെന്നും ഹാർവാർഡ് അധികൃതർ ഓർമ്മിപ്പിച്ചു.

ഇറാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഹാർവാർഡ് സർവകലാശാല പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ പരിശോധന ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇറാനിയൻ വിദ്യാർത്ഥികൾ ലോഗൻ വിമാനത്താവളം ഒഴിവാക്കണമെന്നാണ് നിർദേശം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ഹാർവാർഡ് ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുകയും, 2 ബില്യൺ ഡോളറിലധികം വരുന്ന ഫെഡറൽ ഗവേഷണ ഫണ്ടിങ് റദ്ദാക്കുകയും, സർവകലാശാലയുടെ നികുതി ഇളവ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ ജൂതവിരുദ്ധത വേണ്ടത്ര രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു ട്രംപ് ഹാർവാഡിനെ ഉന്നംവെച്ചത്. വിവിധ നിർദേശങ്ങൾ ട്രംപ് സർക്കാർ മുന്നോട്ടുവെച്ചെങ്കിലും അംഗീകരിക്കാൻ ഹാർവാർഡ് തയ്യാറായില്ല.

ആദ്യം ഹാർവാർഡിന് നൽകാനുള്ള 2 ബില്യൺ ഡോളറിലധികം വരുന്ന ഗവേഷണ ഗ്രാന്റുകൾ മരവിപ്പിച്ച സർക്കാർ പിന്നീട് ഹാർവാർഡിന്റെ നികുതി ഇളവ് റദ്ദാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. തുടർന്ന് എല്ലാ വിദേശ വിദ്യാർത്ഥികളുടെയും വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങിയില്ലെങ്കിൽ വിദേശ വിദ്യാർത്ഥികളെ ചേർക്കാനുള്ള അനുമതി റദ്ദാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതോടെ, സർക്കാരിൻ്റേത് പ്രതികാര നടപടിയാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ആരോപിച്ച് ഹാർവാർഡ് കോടതിയെ സമീപിക്കുകയായിരുന്നു. വിദേശ വിദ്യാർത്ഥികളെ തടയാനുള്ള സർക്കാർ നീക്കത്തിന് കോടതിയിൽ നിന്ന് സ്റ്റേ നേടാൻ ഹാർവാർഡ് സർവകലാശാലയ്ക്ക് സാധിച്ചു.

Clashes between Trump administration and Harvard: University issues warning to foreign students

Share Email
Top