കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. സംഭവത്തിൽ ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (വെള്ളിയാഴ്ച) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. ഇതിനിടെ, അപകടത്തിൽ തിരച്ചിൽ വൈകിയതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാർ രംഗത്തെത്തി.
രാവിലെ പത്തിന് ആരംഭിക്കുന്ന മാർച്ച് മെഡിക്കൽ കോളേജ് കവാടത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ആന്റോ ആന്റണി എംപി, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ തുടങ്ങിയ പ്രമുഖ നേതാക്കൾ മാർച്ചിൽ പങ്കെടുക്കും.
യൂത്ത് കോൺഗ്രസ് പ്രതിഷേധം; ആംബുലൻസ് തടഞ്ഞു
ദാരുണ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും പ്രതിഷേധം തുടർന്നു. മരിച്ച ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞു. ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് ആംബുലൻസിന് കടന്നുപോകാനായത്.
ആരോഗ്യമന്ത്രി വീണാ ജോർജിന് ദേഹാസ്വാസ്ഥ്യം
അതിനിടെ, രക്തസമ്മർദം കൂടിയതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അരമണിക്കൂറിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും അധികൃതർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ സംഭവം.
കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് താൻ പറഞ്ഞത് ആദ്യം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രിൻസിപ്പലും സൂപ്രണ്ടുമാണ് അങ്ങനെ അറിയിച്ചതെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രതികരണം നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൂപ്രണ്ട്
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്വം മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാർ ഏറ്റെടുത്തു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരുമില്ലെന്ന് മന്ത്രിമാർക്ക് വിവരം നൽകിയത് താനാണെന്നും, സംഭവസ്ഥലത്തെത്തിയപ്പോൾ കിട്ടിയ പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാർക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
“തിരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. മന്ത്രിമാർ ഉൾപ്പെടെയുള്ള സംഘം അവിടെ എത്തിയപ്പോൾ വിവരങ്ങൾ കൈമാറിയത് ഞാനാണ്. പ്രാഥമികമായി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചത്,” ആശുപത്രി സൂപ്രണ്ട് ജയകുമാർ വ്യക്തമാക്കി.
ഈ കെട്ടിടത്തിലെ എല്ലാ സേവനങ്ങളും പൂർണമായി നിർത്തിവെക്കാൻ സാധിച്ചിരുന്നില്ലെന്നും, ആശുപത്രി കെട്ടിടം ശൗചാലയം ഉപയോഗിക്കുന്നതിനായും മറ്റും ആളുകൾ ഉപയോഗിച്ചിരുന്നുവെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. ഇടയ്ക്ക് പൂട്ടിയിട്ടുവെങ്കിലും രോഗികളുടെ എണ്ണം വർധിച്ചതോടെ വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു. കെട്ടിടത്തിൽ നിന്നും ആളുകളെ പൂർണമായും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു എന്നും സൂപ്രണ്ട് അറിയിച്ചു.
രക്ഷാപ്രവർത്തനവും കെട്ടിടത്തിന്റെ ചരിത്രവും
അപകടത്തിന് പിന്നാലെ ഏകദേശം 10 മിനിറ്റിനുള്ളിൽ രണ്ടുനിലകളിലായി ഉണ്ടായിരുന്ന നൂറോളം രോഗികളെ അവിടെനിന്ന് മാറ്റാൻ സാധിച്ചുവെന്നും, മൊത്തം 330 രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച പകൽ 10.50നാണ് കെട്ടിടം തകർന്നുവീണത്. അപകടം നടന്നയുടൻ ആശുപത്രിയിലെ അധികാരികളെല്ലാം സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. 11 മണിക്ക് തന്നെ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. 11.15ഓടെ മന്ത്രി വി.എൻ. വാസവൻ സംഭവസ്ഥലത്തെത്തി. തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജും സ്ഥലത്തെത്തി.
രക്ഷാപ്രവർത്തനം ആരംഭിച്ച ഉടൻതന്നെ മുറികളിൽ കുടുങ്ങിയിരുന്ന രണ്ടുപേരെ കണ്ടെത്താനും പുറത്തെത്തിക്കാനും സാധിച്ചു. മരിച്ച ബിന്ദു രണ്ട് തൂണുകൾക്കിടയിൽപ്പെട്ട നിലയിലായിരുന്നു. അതിനുമുകളിലായി കെട്ടിടാവശിഷ്ടങ്ങളും വീണിരുന്നു. 11.30ഓടെ രണ്ട് ജെസിബികൾ സ്ഥലത്തെത്തി. ഇവ ഉപയോഗിച്ച് അവശിഷ്ടങ്ങളും തൂണുകളും മാറ്റിയപ്പോഴാണ് യുവതിയുടെ ശരീരം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് പലതവണ പരാതികൾ ഉന്നയിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 2016ൽ വിവരം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, കെട്ടിടം ഉപയോഗിക്കാനാകുമോ അതോ പൊളിച്ചുകളയണമോ എന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ പറഞ്ഞിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് വെളിപ്പെടുത്തി.
കൃത്യമായ റിപ്പോർട്ട് ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ വർഷം പുറത്തുള്ള ഒരു കമ്പനിയെ പരിശോധനയ്ക്കായി സമീപിച്ചു. അവരുടെ പരിശോധനയിൽ കെട്ടിടം പൊളിച്ചുകളയുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ലഭിച്ചത്. സർജിക്കൽ ബ്ലോക്കും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും അടങ്ങുന്ന ഈ കെട്ടിടം മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്ബി വഴി 2018ൽ 536 കോടിരൂപ അനുവദിച്ചിരുന്നു. എന്നാൽ പ്രളയവും കോവിഡും കാരണമാണ് സമയബന്ധിതമായി പണി പൂർത്തിയാക്കാൻ സാധിക്കാഞ്ഞതെന്നും, 2021 അവസാനത്തോടെയാണ് പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
Congress intensifies protests over Kottayam Medical College collapse, superintendent takes responsibility