തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ വി സിയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ് ഹാളില്‍ നടന്ന, ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി റദ്ദാക്കി ഉത്തരവിറക്കിയതിനാണ് നടപടി. സീനിയര്‍ ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല നല്‍കി.
രാജ്ഭവന്‍ ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. വൈസ് ചാന്‍സിലര്‍ക്കോ ചാന്‍സിലര്‍ക്കോ രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാമെന്നാണ് നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് വിസിയുടെ നടപടി. രജിസ്ട്രാർ ഡോ:കെ.എസ്.അനികുമാറിനെ യൂണിവേഴ്സിറ്റി നിയമ പ്രകാരമുള്ള വിസി യുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ട് വിസി ഡോ:മോഹനൻ കുന്നുമ്മേൽ ആണ് ഉത്തരവിട്ടത്. പി. ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല നൽകി.
ഹാളില്‍ ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയുടെ വേദിയിലായിരുന്നു കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചത്. ഇത് എസ്എഫ്‌ഐ, കെഎസ്‌യു പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനെതിരേ നടന്ന പ്രതിഷേധത്തെ തുടർന്ന് കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലെ പരിപാടിക്ക് ശേഷം ഗവര്‍ണറെ മറ്റൊരു വഴിയിലൂടെയാണ് പോലീസ് പുറത്തെത്തിച്ചത്.
ഗവര്‍ണര്‍ ഉദ്ഘാടകനായ പരിപാടി ആരംഭിക്കുന്നതിന് മുന്നേതന്നെ സംഘര്‍ഷം രൂപംകൊണ്ടു. ഇതിന് പിന്നാലെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ പരിപാടി റദ്ദാക്കിയതായി കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രഖ്യാപിച്ചെങ്കിലും ഗവര്‍ണര്‍ സ്ഥലത്തെത്തി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.
അതേസമയം, ഗവര്‍ണര്‍ ഹാളില്‍ പരിപാടിയില്‍ പങ്കെടുക്കവേ സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്‌ഐ പ്രതിഷേധം തുടര്‍ന്നു. ആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവന്‍ എന്നെഴുതിയ ബാനര്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു എസ്എഫ്‌ഐ പ്രതിഷേധം.
Controversy Over Bharat Mata Painting in Senate Hall; Kerala University Registrar Suspended