ദമ്പതിമാര്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികൾ വേണം: യൂറോപ്പ് മരിച്ചു കൊണ്ടിരിക്കുകയാണെന്ന് മസ്ക്

ദമ്പതിമാര്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികൾ വേണം: യൂറോപ്പ് മരിച്ചു കൊണ്ടിരിക്കുകയാണെന്ന് മസ്ക്

ലണ്ടൻ: യൂറോപ്പിലെ മാതാപിതാക്കള്‍ക്ക് വലിയ കുടുംബങ്ങള്‍ ഉണ്ടാകണമെന്നും അല്ലെങ്കില്‍ ആ പ്രദേശം മരിച്ചുകൊണ്ടിരിക്കുമെന്നും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ജനസംഖ്യയിലെ ഇടിവ്, വികസിത രാജ്യങ്ങളിലെ പ്രായമാകുന്ന സമൂഹങ്ങളില്‍ ഉണ്ടാകാനിടയുള്ള തൊഴില്‍ക്ഷാമം, സാമ്പത്തിക സ്തംഭനം, വര്‍ധിച്ചുവരുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവ ആശങ്ക ഉയര്‍ത്തുന്നുതാണെന്നും അദ്ദേഹം പറയുന്നു.

ജനസംഖ്യയിലെ തകര്‍ച്ച തടയാന്‍ ദമ്പതിമാര്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് മസ്‌ക് മുമ്പ് ശുപാര്‍ശ ചെയ്തിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കുന്നത്. ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ 1.18 വരെ താഴ്ന്ന നിരക്കുകള്‍ കാണിക്കുന്ന 2024-ലെ ഒരു ഭൂപടം അദ്ദേഹം പങ്കുവെച്ചു. ഒന്നുകില്‍ യൂറോപ്പ് വലിയ കുടുംബങ്ങളെ സൃഷ്ടിക്കാന്‍ തുടങ്ങണം, അല്ലെങ്കില്‍ അത് മരിച്ചുകൊണ്ടിരിക്കും എന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

യുഎസില്‍ നിലവില്‍ ഒരു സ്ത്രീക്ക് 1.66 കുട്ടികള്‍ എന്ന നിരക്കാണ് ഉള്ളത്. അതേസമയം ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യഥാക്രമം 1.29, 1.30 എന്നിങ്ങനെ ഇതിലും കുറഞ്ഞ നിരക്കുകളാണ് രേഖപ്പെടുത്തുന്നത്. കുട്ടികളില്ലാത്തവരുടെ നിരക്ക് അടക്കമുള്ളവകൂടി പരിഗണിച്ചുകൊണ്ട് പുതുതായി നിര്‍ദ്ദേശിക്കപ്പെട്ട 2.7 എന്ന പരിധിക്ക് വളരെ താഴെയാണ് ഈ കണക്കുകള്‍. 1963-ല്‍ ഒരു സ്ത്രീക്ക് ശരാശരി 5.3 കുട്ടികള്‍ എന്നതായിരുന്ന ആഗോള പ്രത്യുല്‍പാദന നിരക്ക്, ഇന്ന് 2.5-ല്‍ താഴെയായി നാടകീയമായി കുറഞ്ഞുവെന്ന് മസ്‌ക് മുന്നറിയിപ്പ് നല്‍കുന്നു. ഈ ഇടിവ് വികസിത രാജ്യങ്ങളില്‍ തൊഴില്‍ക്ഷാമം, സാമ്പത്തിക സ്തംഭനം എന്നിവയ്ക്കടക്കം കാരണമായേക്കാം. നിലനില്‍പ്പിനുതന്നെ പ്രതിസന്ധിയായി മാറാവുന്ന ഈ പ്രശ്‌നത്തെ ഗൗരവത്തോടെ കണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് താനെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് വ്യത്യസ്ത സ്ത്രീകളിലായി 14 കുട്ടികളാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനുള്ളത്.

Share Email
LATEST
Top