തൊടുപുഴ: മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ അപകീർത്തിപ്പെടുത്തി നടത്തിയ പ്രസംഗത്തിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദേശം.
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തോട് അനുബന്ധിച്ച് തൊടുപുഴയിൽ എച്ച്ആർഡിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗമാണ് ഇത്തവണ പി സി ജോർജിന് എതിരായ നടപടിയുടെ അടിസ്ഥാനം.
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസൽമാനാണെന്നായിരുന്നു പിസി ജോർജിന്റെ വിവാദ പ്രസ്താവന. ദൈവവിശ്വാസമില്ലെന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ച് നേരം നമസ്‌കരിക്കുമായിരുന്നു. മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളർത്തിക്കൊണ്ടുവരുകയാണ് എന്നും പി സി ജോർജ് ആരോപിച്ചിരുന്നു. പരാമർശത്തിന്റെ പേരിൽ കേസെടുക്കാൻ മുഖ്യമന്ത്രിയെ പി സി ജോർജ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
വിദ്വേഷ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പി സി ജോർജിനെയും പരിപാടി സംഘടിപ്പിച്ച എച്ച്ആർഡിഎസ് മേധാവി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് ടി അനീഷ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു.
Court orders case against PC George for defamatory speech against former Prime Minister Jawaharlal Nehru