തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി തുടങ്ങി പതിറ്റാണ്ടുകളോളം തന്റെ കര്‍മ മണ്ഡലമായിരുന്ന തലസ്ഥാന നഗരിയില്‍ വി.എസ് അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തുന്നത് ആയിരങ്ങള്‍. ഇന്നു രാവിലെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വി.എസിന്റെ ഭൗതീക ശരീരം പൊതു ദര്‍ശനത്തിനായി എത്തിച്ചപ്പോള്‍ നാടിന്റെ നാനാ തുറകളില്‍ നിന്നും ആയിരങ്ങളാണ് അവസാന നോക്ക് കാണാനായി എത്തിയത്.

‘കണ്ണേ കരളേ വിയെസേ’ എന്ന മുദ്രാവാക്യം വിളി തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ചു. ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും എത്തിച്ചേര്‍ന്നു. ഉച്ചയ്ക്ക് രണ്ടു വരെ ഇവിടെ പൊതുദര്‍ശനം തുടരും.വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും എത്തുന്നുണ്ട്.

ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം രണ്ടു മണിയോടെ ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.

ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ പൊതു ദര്‍ശനം ഉണ്ടാകും. ാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒന്‍പതു മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 10 മണി മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും.

പുന്നപ്ര വയലാര്‍ സമരസേനാനികളുടെ ഓര്‍മകള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ വൈകിട്ട് മൂന്ന് മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.ദര്‍ബാര്‍ ഹാളില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ, വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി തുടങ്ങിയ നിരവധിപ്പേര്‍ രാവിലെ തന്നെ ആദരാഞ്ജലി അര്‍പ്പിച്ചു.

Crowds flock to pay their last respects to the revolutionary hero at Karma Mandal