“ക്യൂബയിൽ യാചകരില്ല, മറിച്ച് യാചകരായി അഭിനയിക്കുന്ന ആളുകൾ മാത്രമേയുള്ളൂ”- എന്ന പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ രാജ്യത്തിൻ്റെ തൊഴിൽ, സാമൂഹിക സുരക്ഷാ മന്ത്രി മാർട്ട എലീന ഫീറ്റോ കാബ്രേര രാജിവച്ചു. ഫീറ്റോ തന്റെ തെറ്റുകൾ സമ്മതിക്കുകയും രാജി സമർപ്പിക്കുകയും ചെയ്തുവെന്നാണ് ക്യൂബൻ പ്രസിഡൻ്റിൻ്റെ ഓഫീസാണ് അറിയിച്ചത്.
ദ്വീപ് രാഷ്ട്രത്തിലെ ദാരിദ്ര്യത്തെക്കുറിച്ച് ഫെയ്റ്റോ ഒരു ദേശീയ അസംബ്ലി കമ്മിറ്റിയിൽ ഡെപ്യൂട്ടികൾക്ക് മുമ്പാകെ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതാണ് പിന്നീട് വലിയ വിവാദമായത്.
“ഞങ്ങൾ ചിലരെ കണ്ടിട്ടുണ്ട്, പ്രത്യക്ഷത്തിൽ യാചകരാണെന്ന് തോന്നുന്നു, എന്നാൽ നിങ്ങൾ അവരുടെ കൈകൾ നോക്കുമ്പോൾ, ഈ ആളുകൾ ധരിക്കുന്ന വസ്ത്രങ്ങൾ നോക്കുമ്പോൾ, അവർ യാചകരുടെ വേഷം ധരിച്ചിരിക്കുകയാണെന്ന് മനസ്സിലാകും. അവർ യാചകരല്ല,” – എന്നായിരുന്നു ഫീറ്റോയുടെ വിവാദ പ്രസ്താവന.
കാർ വിൻഡ്‌സ്‌ക്രീനുകൾ വൃത്തിയാക്കുന്ന ആളുകൾ “എളുപ്പമുള്ള” ജീവിതം നയിക്കുന്നുവെന്നും അവർ സമ്പാദിക്കുന്ന പണം “മദ്യം കുടിക്കാൻ” ഉപയോഗിക്കുന്നുവെന്നും മന്ത്രി പറഞ്ഞതും വലിയ വിമർശനത്തിലേക്കാണ് വഴിവെച്ചത്.
മാലിന്യക്കൂമ്പാരങ്ങളിലൂടെ തിരയുന്നവർക്കെതിരെയും ഫെയ്റ്റോ ആഞ്ഞടിച്ചു, അവർ “നികുതി അടയ്ക്കാതെ വീണ്ടും വിൽക്കാൻ” ഉള്ള വസ്തുക്കൾ വീണ്ടെടുക്കുന്നുണ്ടെന്ന് പറഞ്ഞു.
ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൂടെയടക്കം വ്യാപകമായി പ്രചരിച്ചതോടെ സമീപ വർഷങ്ങളിൽ കടുത്ത സാമ്പത്തിക സ്ഥിതി അനുഭവിക്കുന്ന ഒരു രാജ്യത്ത് ഫീറ്റോയെ ഇംപീച്ച്‌മെൻ്റ് ചെയ്യണമെന്ന ആവശ്യമാണ് ഉയർന്നുവന്നത്. പിന്നാലെ പ്രതിഷേധം കനത്തു.
ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ പോലും ഒരു ഘട്ടത്തിൽ പേരെടുത്ത് പറയാതെ മന്ത്രിയെ വിമർശിക്കുകയുണ്ടായി.”ദുർബലതയെ അഭിസംബോധന ചെയ്യുന്നതിൽ സംവേദനക്ഷമതയുടെ അഭാവം വളരെ സംശയാസ്പദമാണ്. വിപ്ലവത്തിന് ആരെയും പിന്നിലാക്കാൻ കഴിയില്ല; അതാണ് ഞങ്ങളുടെ മുദ്രാവാക്യം, ഞങ്ങളുടെ ഉത്തരവാദിത്തം.”- എന്നായിരുന്നു ഡയസിൻ്റെ ഒളിയമ്പ്.