തിരുവനന്തപുരം: കേരളത്തിൽ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവരുടെ പരാതികളിൽ നടത്തിയ പ്രത്യേക ഡ്രൈവിൽ 286 പേർ അറസ്റ്റിലായതായും പരാതിക്കാർക്ക് 6.5 കോടി രൂപ തിരികെ ലഭിച്ചതായും പോലീസ് അറിയിച്ചു.
2025 ജനുവരി മുതൽ മാർച്ച് വരെ നടന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച 61,361 ബാങ്ക് അക്കൗണ്ടുകൾ, 18,653 സിം കാർഡുകൾ, 59,218 മൊബൈൽ / ഐ.എം.ഇ.ഐ.കൾ എന്നിവ മരവിപ്പിച്ചതായും 26.26 കോടി രൂപ ബാങ്കുകളിൽ തടഞ്ഞുവച്ചതായും പോലീസ് വ്യക്തമാക്കി.
2025 ജനുവരി മുതൽ മാർച്ച് വരെ കേരളത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 9539 പരാതികളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുന്ന മുറയ്ക്ക് തടഞ്ഞുവച്ചിരിക്കുന്ന തുക പരാതിക്കാർക്ക് തിരികെ ലഭ്യമാക്കുമെന്നും പോലീസ് അറിയിച്ചു.
വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ബോധവത്കരണ ക്ലാസുകളും കേരള പോലീസിന്റെയും സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെയും സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പോസ്റ്റുകൾ, വീഡിയോകൾ എന്നിവയിലൂടെയുള്ള ബോധവത്കരണവും നടന്നുവരികയാണെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ, പണം നഷ്ടപ്പെട്ട സമയം മുതൽ ഒരു മണിക്കൂറിനകം പരാതി റിപ്പോർട്ട് ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരികെ ലഭിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികൾ രജിസ്റ്റർ ചെയ്യാം.
Cyber fraud hunt: 286 people arrested in Kerala, Rs 6.5 crore returned