ബിനോയി സെബാസ്റ്റ്യൻ
ഡാലസ്: ഹൂസ്റ്റണിൽ നടന്ന മുപ്പത്തിയഞ്ചാമതു ഇൻ്റർ നാഷണൽ ജിമ്മി ജോർജ് സുപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കാലിഫോർണിയ ബ്ളാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗെയ്‌മുകൾക്കു പരാജയപ്പെടുത്തി വിജയക്കൊടിയേന്തിയ ഡാലസ് സ്ട്രൈക്കേഴ്‌സിനെ അമേരിക്കയിലെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷൻ ആദരിച്ചു.

ഇർവിംഗ് ഇൻഡ്യൻ റസ്റ്റോറൻ്റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് സ്ട്രൈക്കേഴ്‌സ് ക്യാപ്റ്റൻ റോബിൻ ജോസഫിനു വിജയ ടീമിന്റെ ചിത്രം ആലേഖനം ചെയ്‌ത അംഗീകാരഫലകം സമ്മാനിച്ചു. ഫോമാ സൗത്ത് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡൻ്റ് ബിജു ലോസൺ, അസോസിയേഷൻ ഡയറക്ടർ ഡസ്റ്റർ ഫെരേര, ഡാലസ് സ്ട്രൈക്കഴ്‌സ് മാനേജർ തങ്കച്ചൻ ജോസഫ്, സ്ട്രൈക്കേഴ്‌സ് വൈസ് പ്രസിഡന്റ് സുനിൽ തലവടി, ചീഫ് കോച്ച് ജിനു കൂടിലിൽ, അസിസ്റ്റന്റ് കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റൻ നെൽസൻ ജോസഫ്, അസോസിയേഷൻ വുമൺസ് ചെയർ പെഴ്‌സനും ഫോമ വുമൺസ് ഫോറം പ്രതിനിധിയുമായ രഷ്മ രഞ്ജിത് തുടങ്ങിയവർ വിജയികളെ അനുമോദിച്ചു സംസാരിച്ചു.

മൂന്നു ദശകങ്ങൾക്കു മുൻപ് ഡാലസ് സ്ട്രൈക്കേഴ്‌സും ലീഗും അന്തർദേശീയ വോളിബോൾ വേദിയിലെ അത്ഭുതപ്രതിഭയായ ജിമ്മി ജോർജിന്റെ സ്മരണാർത്ഥം തുടക്കം കുറിച്ച ടൂർണമെന്റ് ഇന്ന് സ്പോർട്‌സ് പ്രേമികളായ നോർത്ത് അമേരിക്കൻ മലയാളികളുടെ ഹരമായി മാറിയിരിക്കുന്നു. അടുത്തവർഷം മെയ് മാസത്തിൽ ഡാലസിൽ അരങ്ങേറുന്ന മത്സരത്തിൽ മാറ്റുരയ്ക്കുവാനായി കാനഡ ഉൾപ്പെടെയുള്ള നോർത്ത് അമേരിക്കയിലെ ടീമുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഡാലസ് സ്ട്രൈക്കേഴ്‌സിൻ്റെ വിജയത്തിൻ്റെ പിന്നിൽ തിളങ്ങിയ മറ്റു താരങ്ങൾ: ജോനാ മാത്യു(എംവിപി) സീൽവാനൂസ് സജു, ജൂഡ് ഐസക്ക്, ഡാനിയൽ ഇല്ലിക്കൽ, ട്രോയി ഫിലിപ്പ്, ജോഷ്വാ കുടിലിൽ, അരോൺ മാത്യു. സാക്ക് തോമസ്, പീറ്റർ അലക്‌സ്, ജോനാഥൻ സാമുവൽ, ജേക്കബ് സ്ക്കറിയ, എയ്‌ഡൻ ജോർജ്, നിഖിൽ ജോൺ.

സേവിയർ ഫിലിപ്പ്, മനോജ് പാപ്പൻ എന്നിവർ സ്ട്രൈക്കേഴ്‌സിനെ പ്രതിനിധീകരിച്ചു സംസാരിച്ചു. ഡാലസ് മലയാളി അസോസിയേഷൻ സെക്രട്ടറി സിൻജോ തോമസ്, ട്രഷറർ സെയ്‌ജു വർഗീസ് എന്നിവർ പ്രോഗ്രാം നയിച്ചു.
Dallas Malayali Association honors Jimmy George Memorial Volleyball Tournament winners















