ഷാർജയിൽ മലയാളി യുവതിയുടെയും കുഞ്ഞിന്റെയും മരണം: ദുരൂഹതയേറുന്നു, വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഷാർജയിൽ മലയാളി യുവതിയുടെയും കുഞ്ഞിന്റെയും മരണം: ദുരൂഹതയേറുന്നു, വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഷാർജ:  ഷാർജയിൽ മലയാളി യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. മരിച്ച വിപഞ്ചിക  ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് കുടുംബം. ഭർത്താവായ നിതീഷിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ഉന്നയിക്കുന്നതും.

കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്.   നാലരവർഷം മുൻപായിരുന്നു വിവാഹം. ദുബായിൽത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാൽക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭർത്താവ്. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, നോര്‍ക്ക, കേന്ദ്ര വിദേശകാര്യമന്ത്രി, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ പരാതി സമര്‍പ്പിച്ചതായി വിപഞ്ചികയുടെ ബന്ധുക്കള്‍ പറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാനും ഇടപെടല്‍ വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിപഞ്ചികയുടെ സഹോദരന്‍ വിനോദ് കാനഡയില്‍ നിന്നും ദുബായിലെത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കുമെന്നും വിപഞ്ചികയുടെ ബന്ധുക്കള്‍ അറിയിച്ചു.

അതേസമയം, ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായിട്ടില്ല. കുഞ്ഞിന്റെ ഫോറന്‍സിക് നടപടി മാത്രമാണ് പൂര്‍ത്തിയായത്. കുഞ്ഞിന്റെ സംസ്‌കാരം ഷാര്‍ജയില്‍ നടത്തണമെന്ന് പിതാവ് നിധീഷ് വലിയവീട്ടില്‍ ആവശ്യപ്പെട്ടതായി നിയമ നടപടികള്‍ക്ക് ഇടപെടല്‍ നടത്തുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പിആര്‍ഒ പറഞ്ഞു. ഷാര്‍ജ പോലീസ്, ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് വിവരം.

ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തിയാണ് യുവതി കടുംകൈ ചെയ്തത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടർ അറിയിച്ചു.

കടുുംബ പ്രശ്‌നങ്ങളെ തുടന്നാണ് കടുംകൈ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.  സ്ത്രീധനത്തിന്റെ പേരിൽ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കൾ പറഞ്ഞു. വിപഞ്ചികയെ ഭർതൃ പിതാവിനും ഭർതൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നെന്നും, ഭർത്താവ് നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മാതാവ് ഷൈലജ വെളിപ്പെടുത്തി. നിതീഷിന്റെ പീഡനം കാരണമാണ് വിപഞ്ചിക മുടി മുറിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീധനത്തിന്റെ പേരിൽ തന്നെ കൊല്ലാക്കൊല ചെയ്തു എന്ന് പരാമർശിക്കുന്ന വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനും എതിരെ ഗുരുതര പരാമർശമുണ്ട്. ഭർതൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചെന്നാണ് വിശീദീകരിക്കുന്നത്. മരിക്കാൻ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീർന്നിട്ടില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. “ഭര്‍ത്താവ് വൈകൃതമുള്ള മനുഷ്യനാണ്. കാണാന്‍ പാടില്ലാത്ത വീഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് ആവശ്യപ്പെടും. ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. അവര്‍ ഒരുപാട് ക്യാഷുള്ളവരാണ്, എന്നിട്ടും എന്റെ സാലറിക്കായി എന്നെ ദ്രോഹിച്ചുകൊണ്ടേയിരുന്നു. എന്റെ മുടി വരെ വെട്ടാന്‍ അവരാണ് കാരണം. സ്വന്തം അമ്മായിഅപ്പന്‍ മോശമായി പെരുമാറിയത് വരെ ഞാന്‍ സഹിച്ചു. എന്നാല്‍ സ്വന്തം ഭാര്യ കൂടെക്കിടക്കുന്നതിനെപ്പറ്റിവരെ മറ്റൊരു പെണ്ണിനോട് നിതീഷ് ഷെയര്‍ ചെയ്തു.”

ഭർതൃപീഡനത്തെ തുടർന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്തതെന്നതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടിട്ടിട്ടുണ്ട്.

ഒരിക്കലും കൊലയാളികളെ വെറുതെ വിടരുതെന്നാണ് വിപഞ്ചിക ആത്മഹത്യ കുറിപ്പിൽ പറയുന്നത്. തന്റെ മരണത്തിൽ ഒന്നാം പ്രതികൾ നാത്തൂനായ നീതു, നിതീഷ് മോഹൻ എന്നിവരും രണ്ടാം പ്രതി ഭർത്താവിന്റെ അച്ഛനായ മോഹനൻ ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഭർതൃപിതാവിനെതിരെയും ഭർതൃസഹോദരിക്കെതിരെയും ഗുരുതരമായ വെളിപ്പെടുത്തലാണ് കത്തിലുള്ളത്. അച്ഛൻ എന്ന് പറയുന്നയാൾ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. എന്റെ ഭർത്താവ് അതിനു പകരം, എന്നെ കല്യാണം ചെയ്തത് അയാൾക്ക് കൂടി വേണ്ടിയാണ് എന്നായി കുറിപ്പിൽ വിപഞ്ചിക പറയുന്നു.

ഭർതൃസഹോദരി തന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ലെന്നാണ് വിശദീകരിക്കുന്നത്. കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാർ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും വീടില്ലാത്തവൾ, പണമില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചുവെന്നും കത്തിൽ പറയുന്നു.

കുഞ്ഞിനെ ഓർത്ത് വിടാൻ കെഞ്ചിയിട്ടും ഭർതൃസഹോദരി കേട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഒരിക്കൽ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടിൽ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേർന്ന ഷവർമ എന്റെ വായിൽ കുത്തിക്കയറ്റി. ഗർഭിണിയായിരുന്നപ്പോൾ അവളുടെ പേരും പറഞ്ഞ് എന്റെ കഴുത്തിൽ ബെൽറ്റ് ഇട്ട് വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല വിപഞ്ചിക കുറിപ്പിൽ പറയുന്നു. ഗർഭിണിയായി ഏഴാം മാസത്തിൽ തന്നെ നിതീഷ് വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്നും കത്തിൽ വിപഞ്ചിക പറയുന്നു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തിൽ പരാമർശമുണ്ട്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ ഫ്‌ലാറ്റിൽ ഒരേകയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അൽ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Death of Malayali woman and child in Sharjah: Mystery grows, family demands detailed investigation

Share Email
LATEST
Top