ധർമ്മസ്ഥല കൂട്ടമരണം: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, നിർണ്ണായക വഴിത്തിരിവ്

ധർമ്മസ്ഥല കൂട്ടമരണം: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, നിർണ്ണായക വഴിത്തിരിവ്

ധർമ്മസ്ഥലയിലെ കൂട്ടമരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. മണ്ണ് നീക്കിയുള്ള പരിശോധനയിൽ ആറാമത്തെ സ്ഥലത്ത് നിന്ന് മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം (നടത്തുന്ന പരിശോധനയുടെ മൂന്നാം ദിവസമാണ് ഈ കണ്ടെത്തൽ.

നേത്രാവതി നദിക്ക് സമീപമുള്ള ആറാമത്തെ സ്ഥലത്ത് നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇത് ഒരു പുരുഷന്റെയാണെന്ന് പ്രാഥമികമായി സംശയിക്കുന്നു. വർഷങ്ങളുടെ പഴക്കമുള്ളതിനാൽ അസ്ഥികൾ ജീർണിച്ച നിലയിലാണ്. ഈ കേസിൽ ഇത് ആദ്യത്തെ നിർണ്ണായകമായ തെളിവാണ്.

1995 നും 2014 നും ഇടയിൽ താൻ നിരവധി മൃതദേഹങ്ങൾ, പ്രത്യേകിച്ച് ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ, മറവ് ചെയ്യാൻ നിർബന്ധിതനായെന്ന് ഒരു മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിനെ തുടർന്നാണ് ജൂലൈ 29-ന് സിറ്റ് അന്വേഷണം ആരംഭിച്ചത്. 13 സ്ഥലങ്ങളാണ് ഇയാൾ ചൂണ്ടിക്കാട്ടിയത്.

ആദ്യ രണ്ട് ദിവസത്തെ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ, മൂന്നാം ദിവസം ലഭിച്ച ഈ തെളിവ് കേസിന്റെ അന്വേഷണത്തിൽ വലിയ മുന്നേറ്റം നൽകി. കണ്ടെത്തിയ അസ്ഥികൂടാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മഴ കാരണം പരിശോധനാ പ്രവർത്തനങ്ങൾക്ക് ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. വരും ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.

Share Email
LATEST
Top