വാഷിങ്ടൺ ഡി.സി.: യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ എത്രയും വേഗം രാജിവയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. പലിശനിരക്ക് കുറയ്ക്കാത്തതിനെച്ചൊല്ലി ട്രംപും പവലും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി തുടരുകയാണ്. എന്നിരുന്നാലും, താൻ രാജിവെക്കില്ലെന്നും തന്നെ പുറത്താക്കാൻ യുഎസ് പ്രസിഡന്റിന് അധികാരമില്ലെന്നും പവൽ വ്യക്തമാക്കി.
പണപ്പെരുപ്പം പിടിച്ചുനിർത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും, സാമ്പത്തിക സൂചികകളുടെ ദിശ കണക്കിലെടുത്ത് മാത്രമേ പലിശ കുറയ്ക്കുകയുള്ളൂ എന്ന നിലപാടിലാണ് പവൽ. എന്നാൽ, പവലിനെ മാറ്റി തന്റെ വിശ്വസ്തനെ ഫെഡറൽ റിസർവിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കത്തിലാണ് ട്രംപ്. നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റ്, ഫെഡറൽ റിസർവ് വൈസ് ചെയർമാൻ മിഷേൽ ബോമാൻ, ഫെഡിന്റെ മുൻ ഗവർണർ കെവിൻ വാർഷ് എന്നിവരുടെ പേരുകൾ ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ട്രംപ് ആദ്യ തവണ യുഎസ് പ്രസിഡന്റായിരിക്കെ 2017 നവംബറിലാണ് ജെറോം പവലിനെ ഫെഡറൽ റിസർവിന്റെ ചെയർമാനായി നിയമിച്ചത്. എന്നാൽ, അക്കാലം മുതൽതന്നെ ഇരുവരും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. പലിശനിരക്ക് കുറയ്ക്കണമെന്ന ട്രംപിന്റെ ആവശ്യം പവൽ നിരസിച്ചിരുന്നു. കോവിഡ് കാലത്ത് പവലിനെ പുറത്താക്കാൻ തനിക്ക് അധികാരമുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങൾ നടത്തിയിരുന്നില്ല.
പിന്നീട് പ്രസിഡന്റായ ജോ ബൈഡൻ, യുഎസ് ഫെഡിൽ നിലനിർത്തിയ ഏക ട്രംപ് നോമിനി പവലായിരുന്നു. ബൈഡൻ പുനർനിയമനം നൽകിയതോടെ, 2026 മേയ് വരെ പവലിന് ഫെഡറൽ റിസർവ് ചെയർമാൻ കസേരയിൽ പ്രവർത്തന കാലാവധി ലഭിച്ചു. ട്രംപിന്റെ സാമ്പത്തികനയങ്ങളെപ്പറ്റി ആശങ്കയുണ്ടായിരുന്നതിനാൽ 2024 ഡിസംബറിനു ശേഷം യുഎസ് ഫെഡ് പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. പലിശ കുറയ്ക്കാൻ താൻ നിരന്തരം സമ്മർദം ചെലുത്തിയിട്ടും വഴങ്ങാത്ത പവലിനെ ട്രംപ് പരസ്യമായി ‘മണ്ടൻ’, ‘ബുദ്ധിക്കുറവുള്ളയാൾ’ തുടങ്ങിയ വാക്കുകൾകൊണ്ട് അധിക്ഷേപിക്കുകയും, അമേരിക്കയുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നയാളെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
Differences between Trump and Powell deepen; Powell hints he won’t resign despite continued threats