‘യുക്രെയ്നുമായി വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ താരിഫ് ഏർപ്പെടുത്തും’; റഷ്യയ്ക്ക് ട്രംപിൻ്റെ മുന്നറിയിപ്പ്

‘യുക്രെയ്നുമായി വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ താരിഫ്  ഏർപ്പെടുത്തും’; റഷ്യയ്ക്ക് ട്രംപിൻ്റെ മുന്നറിയിപ്പ്

അടുത്ത 50 ദിവസത്തിനുള്ളിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നുമായുള്ള വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ റഷ്യയ്‌ക്കെതിരെ “കടുത്ത താരിഫുകൾ” ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

യുക്രെയ്‌നിലെ യുദ്ധം പുടിൻ അവസാനിപ്പിക്കാത്തതിൽ ട്രംപ് കടുത്ത അതൃപ്തിയിലാണ്. വെടിനിർത്തലുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തിയെങ്കിലും അവ ഫലം കാണാതെപോകുന്നതിലും ട്രംപിന് അമർഷമുണ്ട്.

നേരത്തെ, സമാധാനം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിനും പിന്നീട് യുക്രെയ്‌നിനെതിരായ ആക്രമണം ശക്തമാക്കിയതിനും യുഎസ് പ്രസിഡന്റ് റഷ്യൻ നേതാവിനെതിരെ രോഷം പ്രകടിപ്പിച്ചു. പുടിനോടുള്ള അമർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, റഷ്യയ്‌ക്കെതിരായ പുതിയ ഉപരോധങ്ങൾ ഉടൻ പ്രഖ്യാപിക്കാമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്.

“പ്രസിഡന്റ് പുടിനിൽ ഞാൻ വളരെ നിരാശനാണ്. അദ്ദേഹം പറയുന്ന വാക്കിന് വില കല്പ്പിക്കുന്ന ഒരാളാണെന്നാണ് ഞാൻ കരുതിയത്. പകൽ അദ്ദേഹം വളരെ മനോഹരമായി സംസാരിക്കും, രാത്രിയിൽ ആളുകളെ ബോംബാക്രമണത്തിൽ കൊലപ്പെടുത്തും. എനിക്കത് ഇഷ്ടമല്ല”- എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

കഴിഞ്ഞ ആഴ്ച, പുടിൻ്റെ നടപടികളിൽ താൻ സന്തുഷ്ടനല്ലെന്നും മോസ്കോയിൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് ഏർപ്പെടുത്താനുള്ള നീക്കങ്ങളെ പറ്റി അദ്ദേഹം പറഞ്ഞത്. അതേസമയം റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ യുക്രെയ്‌നിനെ പിന്തുണയ്ക്കാൻ നാറ്റോയ്ക്ക് അമേരിക്ക അയയ്ക്കുന്ന ആയുധങ്ങളിൽ പാട്രിയറ്റ് മിസൈൽ സംവിധാനങ്ങളും ബാറ്ററികളും ഉൾപ്പെടുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Share Email
Top