ചെന്നൈ: കരിംനഗർ ബിഷപ്പും നിലവിലെ ഡെപ്യൂട്ടി മോഡറേറ്ററുമായ ഡോ. കെ.റൂബൻ മാർക്കിനെ സിഎസ്‌ഐ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തു. മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റർ ജസ്റ്റിസ് വി. ഭാരതിദാസന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
കേരളത്തിലെ മഹാ ഇടവകകളിൽ നിന്നടക്കമുള്ള പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. കൗൺസിൽ രൂപീകരിക്കാത്ത സൗത്ത് കേരള മഹായിടവകയിൽ നിന്നൊഴികെ, കേരളത്തിലെ മറ്റെല്ലാ മഹായിടവകകളിൽ നിന്നുമുള്ള ബിഷപ്പുമാർ അടക്കം 318 പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തു.
മദ്രാസ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് മുൻ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തിന് സ്ഥാനമൊഴിയേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ സഭാധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിഞ്ഞ ഡോ. ബിഷപ്പ് ധർമരാജ് റസാലത്തിന്റെ പക്ഷക്കാരനാണ് ഡോ. കെ.റൂബൻ മാർക്ക്. പുതിയ മോഡറേറ്ററുടെ കാലാവധി ആറു മാസമാണ്.
2024 ഏപ്രിലിൽ ബിഷപ്പ് ധർമരാജ് റസാലത്തെ സിഎസ്‌ഐ സഭാ മോഡറേറ്ററായി തിരഞ്ഞെടുത്തത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താനായി വിരമിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ആർ. ബാലസുബ്രഹ്മണ്യം, ജസ്റ്റിസ് വി. ഭാരതിദാസൻ എന്നിവരെ അഡ്മിനിസ്‌ട്രേറ്റർമാരായും കോടതി നിയോഗിച്ചു. ഈ ഉത്തരവ് സുപ്രീം കോടതിയും ശരിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചത്.
Dr. K. Ruben Mark elected as CSI Moderator