ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ഝജ്ജറാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം ഉണ്ടാകുന്നത്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാത്രി വൈകിയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്, ബഹദൂർഗഡ് ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ഝജ്ജറിന് സമീപം 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഡൽഹിയിലും പ്രകമ്പനം സൃഷ്ടിച്ചിരുന്നു. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യതലസ്ഥാനം താരതമ്യേന ഉയർന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയാണ്.
Earthquake hits Delhi again: This is the second time in two days, epicentre is Haryana