അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം, 6.3 തീവ്രത രേഖപ്പെടുത്തി

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം, 6.3 തീവ്രത രേഖപ്പെടുത്തി

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ചാവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. 6.82 N അക്ഷാംശത്തിലും 93.37 E രേഖാംശത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജൂലൈ 22-ന് രാവിലെ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ ഭൂകമ്പം. ഫരീദാബാദ് പ്രഭവകേന്ദ്രമായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. വസ്തുവകകള്‍ക്ക് നാശനഷ്ടമോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഇത്തരം ദുരന്തങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി, ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 1 വരെ വലിയ തോതിലുള്ള ദുരന്തനിവാരണ മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തീരുമാനിച്ചു. ഭൂകമ്പം, വ്യാവസായിക രാസ അപകടങ്ങള്‍ തുടങ്ങിയ വലിയ ദുരന്തങ്ങളെ നേരിടാനുള്ള ഏകോപനവും പ്രതികരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് ഈ പരിശീലനങ്ങള്‍ നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Earthquake near Andaman and Nicobar Islands

Share Email
LATEST
Top