പരിസ്ഥിതി സൗഹൃദ പദ്ധതി: ഇലക്ട്രോണിക് മാലിന്യങ്ങളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ നൂതനരീതി വികസിപ്പിച്ച് ഗവേഷകര്‍

പരിസ്ഥിതി സൗഹൃദ പദ്ധതി: ഇലക്ട്രോണിക് മാലിന്യങ്ങളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍  നൂതനരീതി വികസിപ്പിച്ച് ഗവേഷകര്‍

ഇലക്ട്രോണിക് മാലിന്യങ്ങളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പരിസ്ഥിതി സൗഹൃദമായ നൂതനരീതി വികസിപ്പിച്ച് ഗവേഷകര്‍. ഉപേക്ഷിക്കപ്പെട്ട ഫോണുകള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം സ്വര്‍ണം വീണ്ടെടുക്കാന്‍ സഹായിക്കുന്നതാണ് പുതിയ രീതി.

ഫോണിന്റെയടക്കം ആന്തരിക ഘടകങ്ങളില്‍ പ്രത്യേകിച്ച് സിപിയുവിലാണ് സ്വര്‍ണം ഉപയോഗിക്കുന്നത്. ബോണ്ടിംഗ് വയറുകളിലും കോണ്‍ടാക്റ്റുകള്‍ക്കുള്ള പ്ലേറ്റിംഗിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇവയില്‍നിന്ന് നിലവില്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് വലിയ മലിനീകരണം ഉണ്ടാക്കുന്ന പ്രക്രിയകളിലൂടെയാണ്. സ്വര്‍ണ്ണം വേര്‍തിരിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന സയനൈഡ് ലവണങ്ങളും മെര്‍ക്കുറി ലോഹവും പലപ്പോഴും മണ്ണിലേക്കും ജലസ്രോതസുകളിലേക്കും വ്യാപിക്കുകയും ദീര്‍ഘകാല പരിസ്ഥിതി നാശത്തിന് കാരണമാവുകയും ചെയ്യുന്നു. സുരക്ഷിതമായ ഒരു ബദലിനായുള്ള അടിയന്തര ആവശ്യം സുസ്ഥിരമായ സാങ്കേതികവിദ്യകള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു. അങ്ങനെയാണ് പരിസ്ഥിതി സൗഹൃദമായ ഒരു മികച്ച പരിഹാരം ഉയര്‍ന്നുവന്നിരിക്കുന്നത്.

സയനൈഡ്, മെര്‍ക്കുറി പോലുള്ള അതീവ വിഷാംശമുള്ള രാസവസ്തുക്കള്‍ ഒഴിവാക്കിക്കൊണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള പുതിയ രീതിയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അയിരില്‍നിന്ന് മാത്രമല്ല ഉപേക്ഷിക്കപ്പെട്ട ഫോണുകള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങളില്‍നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാന്‍ ഈരീതിയിലൂടെ സാധിക്കും. trichloroisocyanuric acid (TCCA) ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. അണുനാശിനികളില്‍ ഉപയോഗിക്കുന്ന ഒരു രാസസംയുക്തമാണിത്. ഹാലൈഡ് കാറ്റലിസ്റ്റ് വഴി സജീവമാക്കുന്നതോടെ വസ്തുക്കളില്‍ നിന്ന് സ്വര്‍ണ്ണം ലയിപ്പിച്ചെടുക്കാന്‍ ഇത് സഹായിക്കുന്നു. സയനൈഡോ മെര്‍ക്കുറിയോ ഉപയോഗിക്കേണ്ട ആവശ്യമില്ല.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത പോളിസള്‍ഫൈഡ് പോളിമര്‍ ഉപയോഗിച്ചാണ് ഗവേഷക സംഘം ലായനിയില്‍നിന്ന് സ്വര്‍ണം വീണ്ടെടുത്തത്. ഈ പോളിമര്‍ ഒരു സ്‌പോഞ്ച് പോലെ പ്രവര്‍ത്തിച്ച് സ്വര്‍ണ കണികകളുമായി മാത്രം ബന്ധിപ്പിക്കുകയും മറ്റ് വസ്തുക്കളെ ഉപേക്ഷിക്കുകയും ചെയ്യും. അതിനുശേഷം പോളിമറിനെ ചൂടാക്കി അതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. ഇത് പുനരുപയോഗിക്കാന്‍ കഴിയുന്ന ശുദ്ധിയുള്ള സ്വര്‍ണമായി മാറുന്നു.

ഗവേഷകര്‍ ഈ രീതി പ്രകൃതിദത്ത സ്വര്‍ണ അയിരുകളിലും ഇ-മാലിന്യങ്ങളിലും പരീക്ഷിച്ച് വളരെ ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ ആഗോള സ്വര്‍ണ വ്യവസായ മേഖലയിലെ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിലും ഇലക്ട്രോണിക് മാലിന്യ കൂമ്പാരങ്ങളില്‍നിന്ന് വിലയേറിയ ലോഹങ്ങള്‍ വീണ്ടെടുത്ത് പുനരുപയോഗം സാധ്യമാക്കുന്നതിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗവേഷകര്‍ കണ്ടെത്തിയ പുതിയ രീതിയുടെ വിശദാംശങ്ങള്‍ നേച്ചര്‍ സസ്റ്റെയിനബിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Eco-friendly project: Researchers develop innovative method to extract gold from electronic waste

Share Email
Top