ന്യൂയോർക്ക്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്‌റ്റൈന്റെ പട്ടികയിലെ പേരുകൾ പുറത്തുവിടുന്നതായിരിക്കും തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ അമേരിക്ക പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് ടെസ്‌ലയുടെ സിഇഒയും കോടീശ്വരനുമായ ഇലോൺ മസ്‌ക്. എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടില്ലെങ്കിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അമേരിക്കക്കാർ എങ്ങനെ വിശ്വസിക്കുമെന്നും മസ്‌ക് ചോദിച്ചു.
”ഔദ്യോഗിക ജെഫ്രി എപ്സ്‌റ്റൈൻ പീഡോഫൈൽ അറസ്റ്റ് കൗണ്ടർ” എന്ന് പേരിട്ട ഒരു ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്ത് ‘0000’ എന്ന നമ്പർ കൊടുത്തിരുന്നു മസ്‌ക്. ട്രംപിന്റെ ഭരണകാലത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റുകളൊന്നും നടന്നിട്ടില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു പൂജ്യത്തിലൂടെ.
ജെഫ്രി എപ്സ്‌റ്റൈൻ കേസ് കൈകാര്യം ചെയ്ത രീതിയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ ഇലോൺ മസ്‌ക് ആവർത്തിച്ച് വിമർശിച്ചിട്ടുണ്ട്. എന്നാൽ, എപ്സ്‌റ്റൈൻ കക്ഷികളുടെ പട്ടിക സൂക്ഷിച്ചിരുന്നതിനോ ശക്തരായ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതിനോ തെളിവുകളില്ലെന്നാണ് നീതിന്യായ വകുപ്പും എഫ്ബിഐയും പറയുന്നത്.
എപ്സ്‌റ്റൈനെ ജയിലിൽവെച്ച് കൊലപ്പെടുത്തിയെന്ന വാദങ്ങളും ഉദ്യോഗസ്ഥർ തള്ളി. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും അവർ പറഞ്ഞു.
അതേസമയം, എപ്സ്‌റ്റൈൻ കേസുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതിൽ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപ് പറഞ്ഞിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതിന് 2008-ൽ ഫ്‌ലോറിഡയിൽ എപ്സ്‌റ്റൈൻ ആദ്യം ജയിലിലായി. പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റങ്ങൾക്ക് 2019-ൽ അദ്ദേഹം വീണ്ടും അറസ്റ്റിലായെങ്കിലും താമസിയാതെ ജയിലിൽവെച്ച് മരിച്ചു.
Elon Musk says releasing Epstein files will be main goal of his new party