ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി

ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി

ന്യൂഡൽഹി: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവന ദാതാക്കളായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ലഭിച്ചു. സ്റ്റാർലിങ്കിന്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഇൻ-സ്പേസ് (ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) അനുമതി നൽകിയത്.

നേരത്തെ, ടെലികോം മന്ത്രാലയവും സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി നൽകിയിരുന്നു. യൂട്ടിൽസാറ്റ് വൺ വെബ്, റിലയൻസ് ജിയോ എന്നിവയ്ക്ക് ശേഷം ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ സമാന ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാർലിങ്ക്. ഈ അനുമതികളോടെ, ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള പ്രധാന കടമ്പ സ്റ്റാർലിങ്ക് മറികടന്നു. ഇൻ-സ്പേസ് അഞ്ച് വർഷത്തേക്കാണ് സ്റ്റാർലിങ്കിന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇനി സ്പെക്ട്രം കൂടി അനുവദിച്ചു കിട്ടിയാൽ ഇന്ത്യയിൽ സ്റ്റാർലിങ്കിന് ഇന്റർനെറ്റ് സേവനങ്ങൾ നൽകി തുടങ്ങാനാകും.

ജിയോയും എസ്‌ഇഎസും കൈകോർക്കുന്നു സ്റ്റാർലിങ്കിനൊപ്പം എസ്‌ഇഎസിനും ഇൻ-സ്പേസ് അനുമതി നൽകിയിട്ടുണ്ട്. എസ്‌ഇഎസുമായി ചേർന്നാണ് റിലയൻസ് ജിയോ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കുന്നത്.

സ്റ്റാർലിങ്ക് ജനറേഷൻ-1 എൽഇഒ സാങ്കേതികവിദ്യ ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് സ്റ്റാർലിങ്ക് ജനറേഷൻ-1 എൽഇഒ (ലോ എർത്ത് ഓർബിറ്റ്) വഴി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള അനുമതി ലഭിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 540-നും 570-നും ഇടയിലുള്ള കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ആഗോള ശൃംഖലയാണ് സ്റ്റാർലിങ്ക് ജനറേഷൻ-1.

ഗ്രാമീണ മേഖലകളിലും അതിവേഗ ഇന്റർനെറ്റ് ഇന്ത്യയിലെ ഉൾപ്രദേശങ്ങളിലടക്കം അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ഈ തീരുമാനം സഹായകമാകും. സർക്കാർ വകുപ്പുകളിൽ നിന്നുള്ള മറ്റ് അനുമതികൾ ലഭിച്ചശേഷമായിരിക്കും സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുക. അഞ്ച് വർഷത്തേക്കാണ് അനുമതി നൽകിയിരിക്കുന്നത്. ബഹിരാകാശ മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിടുന്ന ഇന്ത്യൻ നയത്തിനും ഈ പുതിയ തീരുമാനം നിർണായകമാകും.

ഇന്ത്യയുടെ വാണിജ്യ-വ്യാവസായിക, സാമ്പത്തിക മേഖലകളിൽ ഇന്റർനെറ്റ് അവിഭാജ്യ ഘടകമായി മാറിയ ഈ സമയത്താണ് സ്റ്റാർലിങ്കിന്റെ കടന്നുവരവ്. അടുത്ത രണ്ട് മാസത്തിനകം സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ ഉടനീളം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസ പ്ലാനുകൾ 3,000 രൂപ മുതൽ ആരംഭിച്ചേക്കാം.

എന്താണ് സ്റ്റാർലിങ്ക്? ഇലോൺ മസ്‌ക് 2002-ൽ സ്ഥാപിച്ച സ്പേസ് എക്സിന്റെ കീഴിൽ രൂപം കൊണ്ട കമ്പനിയാണ് സ്റ്റാർലിങ്ക്. ലോ എർത്ത് ഓർബിറ്റിലെ ഉപഗ്രഹങ്ങളുടെ ശൃംഖലകളിലൂടെ തടസ്സമില്ലാത്ത അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകുകയാണ് സ്റ്റാർലിങ്ക് ചെയ്യുന്നത്. ഇത് ഒറ്റപ്പെട്ടതും വിദൂരവുമായ ഇന്ത്യൻ ഗ്രാമങ്ങളിൽ പോലും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ സഹായിക്കും. നിലവിൽ നൂറിലധികം രാജ്യങ്ങളിൽ സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നുണ്ട്.

സ്റ്റാർലിങ്ക് സബ്സ്ക്രിപ്ഷൻ വിവരങ്ങൾ സ്റ്റാർലിങ്കിന്റെ സ്റ്റാൻഡേർഡ് കിറ്റിന് ഏകദേശം 33,000 രൂപ വില വരുമെന്നാണ് വിലയിരുത്തൽ. ഈ കിറ്റിൽ സ്റ്റാർലിങ്ക് ഡിഷ്, കിക്ക് സ്റ്റാൻഡ്, ജെൻ 3 റൂട്ടർ, പവർ കേബിളുകൾ, ഒരു പവർ സപ്ലൈ യൂണിറ്റ് എന്നിവയാണുണ്ടാവുക. പ്രധാനമായും വീടുകളിലെ ഉപയോഗത്തിനാണ് ഈ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയോടു കൂടിയ പ്രതിമാസ പ്ലാനുകൾക്ക് 3,000 രൂപ മുതൽ 4,200 രൂപ വരെയായിരിക്കും ചെലവ്.

ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശിലും ഭൂട്ടാനിലും സ്റ്റാർലിങ്ക് കിറ്റിന് 33,000 രൂപ തന്നെയാണ് വില. ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ഓരോ ഡിവൈസ് പർച്ചേസിനൊപ്പവും ഒരു മാസത്തെ സൗജന്യ ട്രയൽ കമ്പനി നൽകും.

ഇന്റർനെറ്റ് വേഗത അതിവേഗ ഇന്റർനെറ്റ് സ്പീഡാണ് സ്റ്റാർലിങ്കിന്റെ പ്രധാന ആകർഷണം. 25 Mbps മുതൽ 220 Mbps വരെ വേഗതയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭൂരിഭാഗം ഉപയോക്താക്കൾക്കും 100 Mbps-ൽ അധികം വേഗത ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. കേബിളുകളോ മൊബൈൽ ടവറുകളോ ഉപയോഗിക്കാതെ നേരിട്ട് ഉപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് ലഭ്യമാക്കുന്നതാണ് ഈ ഉയർന്ന വേഗതയ്ക്ക് കാരണം.

Elon Musk’s Starlink gets approval to launch satellite internet services in India

Share Email
Top