ന്യൂ ഡൽഹി: ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഗൂഗിളിനും മെറ്റയ്ക്കും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ഈ കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളിൽ ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾക്കെതിരെ രാജ്യത്ത് കടുത്ത നടപടികൾ തുടരുന്നതിൻ്റെ ഭാഗമായാണ് ടെക് ഭീമന്മാർക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡി ഈ രണ്ട് കമ്പനികളോടും വിവരങ്ങൾ തേടിയിരിക്കുന്നത്. ഓൺലൈൻ ചൂതാട്ട പരസ്യങ്ങളിലൂടെ ലഭിച്ച വരുമാനം, പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിൻ്റെ മാനദണ്ഡങ്ങൾ, ബെറ്റിംഗ് ആപ്പുകളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം നൽകാനാണ് നിർദ്ദേശം . ഈ കേസിൽ നേരത്തെ ചില വ്യക്തികളെയും സ്ഥാപനങ്ങളെയും ഇഡി ചോദ്യം ചെയ്തിരുന്നു.
ഓൺലൈൻ വഴി നിയമവിരുദ്ധമായി ചൂതാട്ടം നടത്തുകയും അതിലൂടെ വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത ഒരു വലിയ റാക്കറ്റിനെക്കുറിച്ചുള്ള കേസിൻ്റെ ഭാഗമായാണ് ടെക് ഭീമൻമാർക്ക് എതിരായ നടപടി. ‘മഹാദേവ് ബെറ്റിംഗ് ആപ്പ്’ പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ചൂതാട്ടത്തിൽ ഏർപ്പെടുത്തുകയും, അതിൽ നിന്ന് ലഭിക്കുന്ന പണം ഹവാല ഇടപാടുകളിലൂടെയും മറ്റും വിദേശത്തേക്ക് (പ്രധാനമായും ദുബായിലേക്കും പാകിസ്താനിലേക്കും) കടത്തുകയും ചെയ്തതായാണ് ഇഡിയുടെ കണ്ടെത്തൽ.