കാലാവസ്ഥാ മാറ്റത്തിന്റെ കനലിൽ എരിഞ്ഞ് യൂറോപ്പ്: താപനിലയും സമുദ്രചൂടും റെക്കോർഡുകൾ മറികടന്നു

കാലാവസ്ഥാ മാറ്റത്തിന്റെ കനലിൽ എരിഞ്ഞ് യൂറോപ്പ്: താപനിലയും സമുദ്രചൂടും റെക്കോർഡുകൾ മറികടന്നു

പടിഞ്ഞാറൻ യൂറോപ്പ് ഇതുവരെ അനുഭവിച്ച ഏറ്റവും ചൂടേറിയ ജൂൺ മാസം ഈ വർഷമായിരുന്നുവെന്ന് യൂറോപ്യൻ യൂണിയന്റെ പിന്തുണയിലുള്ള കോപ്പേർണിക്കസ് കാലാവസ്ഥ വ്യതിയാന നിരീക്ഷണ സേവനം (C3S) അറിയിച്ചു. ശരാശരി താപനില 20.49 ഡിഗ്രി സെൽഷ്യസായാണ് ഈ റെക്കോർഡ് രേഖപ്പെടുത്തിയത് .

മാസം തുടക്കത്തിലും അവസാനത്തിലും അനുഭവപ്പെട്ട രണ്ട് ശക്തമായ ഉഷ്‌ണതരംഗമാണ് ഈ താപവർധനയ്ക്ക് പ്രധാന കാരണങ്ങളായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജൂൺ 17 മുതൽ 22 വരെ നടന്ന ആദ്യ ഉഷ്‌ണതരംഗം സ്‌പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഇറ്റലി, ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്‌ഡം എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിച്ചു. ജൂൺ 30-നും ജൂലൈ 1-നും ഇടയിലുള്ള ദിവസങ്ങളിൽ പ്രതിദിന ശരാശരി താപനില 24.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി ,ഇത് ജൂൺ മാസത്തിനുള്ളിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനില ആണ് .

2025 ജൂൺ മാസത്തിലെ താപനില, 2003ലെ മുമ്പത്തെ റെക്കോർഡിനേക്കാൾ 0.06 ഡിഗ്രിയും, 1991 മുതൽ 2020 വരെയുള്ള കാലയളവിന്റെ ശരാശരിയേക്കാൾ 2.81 ഡിഗ്രി സെൽഷ്യസും ഉയർന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. “ഹീറ്റ് ഡോംസ്” എന്നറിയപ്പെടുന്ന സ്ഥിരമായ ഉയർന്ന മർദ്ദമേഖലകൾ ചൂടായ വായുവിനെ യൂറോപ്പിൽ പൂട്ടിയതിലൂടെ വരൾച്ചയും ഓസോൺ മലിനീകരണവും കാട്ടുതീ ഭീഷണികളും വർധിച്ചതായി C3S നിരീക്ഷിക്കുന്നു.

തെക്കൻ യൂറോപ്പിൽ, രാത്രി താപനില 20 ഡിഗ്രി സെൽഷ്യസിന് താഴെയാകാതെ തുടരുന്ന “ട്രോപ്പിക്കൽ നൈറ്റ്സ്” എന്ന പ്രതിഭാസത്തിൽ വൻ വർദ്ധനവുണ്ടായി. സ്പെയിനിലെ ചില പ്രദേശങ്ങളിൽ മാത്രം 24 അത്തരം രാത്രികൾ രേഖപ്പെടുത്തി , ശരാശരിയേക്കാൾ 18 ദിവസം അധികം ആണിത്. സാധാരണ ഇത്തരം രാത്രികൾ കുറവായുള്ള മെഡിറ്ററേനിയൻ തീരപ്രദേശങ്ങളിലും ഈ വർഷം 10 മുതൽ 15 വരെ ട്രോപ്പിക്കൽ രാത്രികൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരം ഉയർന്ന രാത്രികാല താപനില ശരീരത്തിന് ദിവസത്തെ ചൂട്-മർദ്ദത്തിൽ നിന്ന് വീണ്ടെടുപ്പിന് തടസ്സമാകുകയും, പ്രത്യേകിച്ച് വൃദ്ധർ, കുട്ടികൾ, രോഗബാധിതർ തുടങ്ങിയ ജാഗ്രതയാവശ്യമായ ജനവിഭാഗങ്ങൾക്ക് ആരോഗ്യപരമായ ഭീഷണികളുണ്ടാക്കുകയും ചെയ്യുന്നതായി കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, പടിഞ്ഞാറൻ മെഡിറ്ററേനിയൻ സമുദ്ര മേഖലയിൽ ഇതുവരെ രേഖപ്പെടുത്തിയതിലേയ്ക്ക് ഏറ്റവും ശക്തമായ സമുദ്ര ഉഷ്‌ണതരംഗമാണ് ഈ ജൂൺ മാസത്തിൽ ഉണ്ടായത്. ജൂൺ 30-ന്, സമുദ്രമേൽതലം താപനില ശരാശരി 27 ഡിഗ്രി സെൽഷ്യസായിരുന്നു, ഈ മാസത്തിലെ റെക്കോർഡിൽ ഏറ്റവും ഉയർന്നതും കൂടിയാണ് ഇത് .

Europe scorched in the heat of climate change: Temperature and sea heat break records

Share Email
Top